ബി.ജെ.പി സമരം ശക്തിപ്പെടുത്തും; നിയന്ത്രണം പുന:പരിശോധിക്കേണ്ടി വരും: കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ അറിവോടെ നടന്ന സ്വർണ്ണക്കടത്തിനും ലൈഫ് പദ്ധതി അഴിമതിക്കും വോട്ടർപട്ടികയിലെ ക്രമക്കേടിനുമെതിരെ ബി.ജെ.പി സമരം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സമരങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കാനാവില്ലെന്ന നിയന്ത്രണങ്ങൾ പുന:പരിശോധിക്കേണ്ടി വരുമെന്ന് അദ്ദേഹം കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. യു.ഡി.എഫിനെ പോലെ സർക്കാർ പറയുന്നതിന് അനുസരിച്ച് സമരം നിർത്തുന്ന പാർട്ടിയല്ല ബി.ജെ.പി. സമരം നിർത്തണമെന്നാവശ്യപ്പെടാൻ മുഖ്യമന്ത്രി എന്നേയും വിളിച്ചിരുന്നു.
സർക്കാർ പരിപാടിക്ക് എന്തുമാവാമെന്നുമുള്ള നടപടി സർക്കാർ തിരുത്തിയില്ലെങ്കിൽ അഞ്ചുപേർ എന്നത് ഞങ്ങളും മാറ്റും. തിരുവനന്തപുരത്ത് മന്ത്രി കടകംപ്പള്ളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 500 പേർ പങ്കെടുത്തിരുന്നു. തൃശ്ശൂരിൽ സി.പി.എമ്മുകാരാൽ വധിക്കപ്പെട്ട സിപി.എം പ്രവർത്തകന്റെ വിലാപയാത്രയിലും ആയിരങ്ങൾ പങ്കെടുത്തു. ഇന്ന്(ഒക്ടോബർ 9)ന് നാല് മേഖലകളിലായി പാർട്ടിയുടെ സംസ്ഥാന നേതൃയോഗം നടക്കുന്നുണ്ട്. യോഗത്തിൽ ഭാവി സമര പരിപാടികൾ തീരുമാനിക്കും. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻ്റെ കുറ്റപത്രം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമാണ്. മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ബന്ധം ശരിവെക്കുന്നതാണ് കുറ്റപത്രം. സത്യം മുഖ്യമന്ത്രി തുറന്നു പറഞ്ഞില്ലെങ്കിൽ മൗനം സമ്മതമെന്ന് കരുതേണ്ടി വരും.
കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വർണക്കള്ളക്കടത്തിൽ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വി.മുരളീധരൻ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തിൽ മലയാള മാദ്ധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോർട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയത്.
സ്മിതാ മേനോനെ മഹിളാ മോർച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാർശയിലല്ല. പാർട്ടി അദ്ധ്യക്ഷൻ എന്ന നിലയിൽ എന്റെ ശുപർശ പ്രകാരമാണ്. പാർട്ടിയിൽ കൂടുതൽ പ്രഫഷണലുകളെ ഉൾപ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് മഹിളാമോർച്ചയിൽ സ്ഥാനം നൽകിയത്. പ്രൊഫഷണലുകളെ ഇനിയും ഉൾപ്പെടുത്തും. ഇവരുടെ കുടുംബം നാല് അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവർ പാർട്ടിക്ക് അന്യം നിൽക്കുന്നവരല്ല. ഈ പ്രചാരണമെല്ലാം വി.മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ അത് വെറുതെയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുരളീധരന്റെ പേര് പറഞ്ഞ് സ്വർണക്കടത്ത് ആരോപണത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പരിപാടിയെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വെച്ചാൽ മതി. വി.മുരളീധരനെ അപകീർത്തിപ്പെടുത്തി, വേട്ടയാടി സ്വർണക്കള്ളക്കടത്തിൽ നിന്ന് തലയൂരാമെന്നാണ് വിചാരിക്കുന്നതെങ്കിൽ നടക്കാത്ത കാര്യമാണ്. പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ കോടികളുടെ തട്ടിപ്പ് ഏറ്റെടുത്ത് കൂടുതൽ ശക്തമായ സമരത്തിന് ബി.ജെ.പി വരും ദിവസങ്ങളിൽ നേതൃത്വം കൊടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വി.മുരളീധരനെതിരേ നടക്കുന്നത് അപകീർത്തികരമായ പരാമർശങ്ങളാണ്. വിഷലിപ്തപരമായ നീചമായ വ്യക്തിഹത്യയാണ് നടക്കുന്നത്. സി.പി.എം ഉന്നത നേതാക്കളും സൈബർ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. കള്ളവോട്ട് ചേർക്കലും വോട്ട് ഇരട്ടിപ്പും നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വായ്മൂടിക്കെട്ടുകയാണ് സർക്കാർ ചെയ്യുന്നത്. കൃത്രി വോട്ടർ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന മഹാമഹം പച്ചയായ തട്ടിപ്പാണ്. കേന്ദ്രത്തിൻ്റെ ജലജീവൻ പദ്ധതി ഒരു പൈസ ചെലവാക്കാതെ മുഖ്യമന്ത്രിയുടെ പേരിൽ പരസ്യം നൽകുകയാണ്. കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കുകയാണ് സംസ്ഥാന സർക്കാർ. ജലജീവൻ മോദി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയിൽ പെട്ടതാണ്. എന്നിട്ട് കേന്ദ്രത്തെ ഒഴിവാക്കി സർക്കാർ പടം വെച്ച് പരസ്യം നടത്തുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സുരേന്ദൻ ചൂണ്ടിക്കാട്ടി.