ബംഗളുരു: ഇന്ത്യന്‍ എയര്‍ഫോഴ്സ് ചരിത്രം തിരുത്തിക്കുറിച്ച്, ഒന്നിച്ച് യുദ്ധവിമാനം പറത്തി അച്ഛനും മകളും. എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മയും മകള്‍ ഫ്‌ളയിംഗ് ഓഫീസര്‍ അനന്യ ശര്‍മ്മയുമാണ് ഒന്നിച്ച് വിമാനം പറത്തിയത്. മെയ് 30 -ന് കര്‍ണാടകയിലെ ബിദറില്‍ വച്ചായിരുന്നു സംഭവം. ഫ്‌ളൈയിംഗ് ഓഫീസര്‍ അനന്യയും എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മയും കൈവരിച്ച ചരിത്രനേട്ടത്തിന്റെ ചിത്രം ഐഎഎഫാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇരുവരും യൂണിഫോം ധരിച്ച് യുദ്ധവിമാനത്തിന് മുന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാണ്. നിരവധി പേരാണ് ഇരുവരുടെയും ചരിത്രനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഹോക്ക്-132 വിമാനത്തില്‍ കയറിയാണ് അവര്‍ ചരിത്രപരമായ ഈ യാത്ര നടത്തിയതെന്ന് ഐഎഎഫ് പറഞ്ഞു. ‘പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവം ഐഎഎഫ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. സഞ്ജയും, അനന്യയും അച്ഛനും മകളും മാത്രമല്ല. അവര്‍ സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്നു. പരസ്പരം പൂര്‍ണമായി വിശ്വസിച്ചിരുന്ന സഖാക്കള്‍” ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
AIR COMMODORE SANJAY SHARMA and his daughter ANANYA SHARMA became the first father-daughter pair in the #IndianAirForce to fly in formation of the Hawk AJT in Bidar.
GLORIOUS PAST PROMISING FUTURE @IAF_MCC pic.twitter.com/HCpAKSmGv3
— Vikas Manhas (@37VManhas) July 5, 2022
മകളുടെ നേട്ടത്തില്‍ വാനോളം അഭിമാനം കൊള്ളുകയാണ് എയര്‍ കമ്മഡോര്‍ ശര്‍മ്മയും. ‘അനന്യ എപ്പോഴും പറയുമായിരുന്നു, ‘പപ്പാ, എനിക്കും നിങ്ങളെപ്പോലെ ഒരു യുദ്ധവിമാനം പറത്തണം’. മെയ് 30 -ന് ബീദറില്‍ ഹോക്ക് എയര്‍ക്രാഫ്റ്റില്‍ ഞങ്ങള്‍ ഇരുവരും ഒരുമിച്ച് പറന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ, അഭിമാനകരമായ ദിവസം’ എന്ന് അദ്ദേഹം പറയുന്നു.
തന്‍െ്‌റ ചിരകാല സ്വപ്‌നം നേടിയെടുത്ത ആവേശം അനന്യയും പങ്കുവച്ചു. ‘കുട്ടിക്കാലത്ത്, എന്തുകൊണ്ടാണ് വനിതാ യുദ്ധവിമാന പൈലറ്റുമാരില്ലാത്തത് എന്ന് ഞാന്‍ പലപ്പോഴും എന്റെ അച്ഛനോട് ചോദിക്കാറുണ്ട്. അദ്ദേഹം അപ്പോള്‍ എന്നോട് പറയുമായിരുന്നു, ‘വിഷമിക്കേണ്ട, നീ അതില്‍ ഒന്നാകും’ -ചരിത്രനേട്ടത്തിന്‍െ്‌റ അഭിമാനനെറുകയില്‍ നില്‍ക്കെ അനന്യ ആ പഴയകാലം ഓര്‍ത്തെടുത്തു.
എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മ 1989 -ലാണ് ഐഎഎഫിന്റെ ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റാകുന്നത്. ഒരു മിഗ്-21 വിമാനത്തിന്റെയും, ഒരു മുന്‍നിര ഫൈറ്റര്‍ സ്റ്റേഷന്റെയും കമാന്‍ഡറാണ് അദ്ദേഹം. യുദ്ധവിമാന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് വിപുലമായ അറിവും, അനുഭവ പരിചയവുമുണ്ട്. അനന്യ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2021 ഡിസംബറിലാണ് യുദ്ധവിമാന പൈലറ്റായി അവള്‍ യോഗ്യത നേടുന്നത്. ഇപ്പോള്‍ ബിദറില്‍ പരിശീലനത്തിലാണ്.
2016 മുതലാണ് ഐഎഎഫിന്റെ യുദ്ധവിമാനം സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തത്. ആദ്യ ബാച്ചില്‍ അനന്യ ഉള്‍പ്പടെ മൂന്ന് വനിതാ പൈലറ്റുമാരുണ്ടായിരുന്നു. അതിനുശേഷം, ഐഎഎഫിന്റെ യുദ്ധവിമാന മേഖലയിലേക്ക് 15 സ്ത്രീകള്‍ കൂടി കടന്ന് വന്നു. ചിലര്‍ ഇപ്പോള്‍ തന്നെ മിഗ്-21, സുഖോയ്-30, എംകെഐ പോലുള്ള സൂപ്പര്‍സോണിക് ജെറ്റുകളും പുതിയ റാഫേലുകളും പറത്തുന്നു.