പ്രധാനമായും പ്ലൈവുഡ്, പള്‍പ്പ്, തീപ്പെട്ടിക്കൊള്ളി നിര്‍മാണത്തിനാണ് കാട്ടുവേപ്പ് ഉപയോഗിക്കുന്നത്. പ്ലൈവുഡിന്റെ നൂറിലധികം ഉല്‍പ്പന്നങ്ങള്‍ കാട്ടുവേപ്പുകൊണ്ട് ഉണ്ടാക്കാനാകും. മോഹിപ്പിക്കുന്ന ലാഭമാണ് കര്‍ഷകരുടെ പ്രലോഭനം. ഏഴുവര്‍ഷംകൊണ്ട് ഒരേക്കറില്‍നിന്ന് 30 ലക്ഷംവരെ കിട്ടുമെന്ന് കര്‍ഷകര്‍ കണക്കുകൂട്ടുന്നു. ഒരേക്കറില്‍ 450 മരങ്ങള്‍ വച്ചുപിടിപ്പിക്കാനാകും.
കേടായും മറ്റും നശിച്ചുപോയാലും 300 മരങ്ങളെങ്കിലും വെട്ടാന്‍ കിട്ടുമെന്ന് കര്‍ഷകര്‍ പറയുന്നു. ഘനയടിക്ക് ഇപ്പോള്‍ 400 രൂപയാണ് വില. ഏഴാംവര്‍ഷത്തില്‍ ചുരുങ്ങിയത് 60—70 ഇഞ്ച് വണ്ണവും 40 അടി ഉയരവുമുണ്ടാകും. ഒരു മരത്തില്‍നിന്ന് 20,000 രൂപവരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മരം മുറിക്കുന്ന ചെലവ് കഴിച്ചാലും 10,000 രൂപ ഒരു മരത്തില്‍നിന്ന് ലാഭം കിട്ടുമത്രേ. റബറാണെങ്കില്‍ 7—8 വര്‍ഷത്തിലാണ് ടാപ്പിങ് ആരംഭിക്കുന്നത്.
റബറിന്റെ പരിചരണം ആവശ്യമില്ല എന്നതും വളരാന്‍ വെള്ളം കൂടുതല്‍ ആവശ്യമില്ല എന്നതും കാട്ടുവേപ്പിന്റെ പ്രത്യേകതയാണ്. കനത്ത വേനലില്‍ ചെറിയതോതില്‍ നനച്ചുകൊടുക്കണം. വളമായി ചാണകവും ചവറും മാത്രം മതി. അതിവേഗത്തില്‍ സ്വാഭാവികവളര്‍ച്ചയുള്ള മരമാണ് കാട്ടുവേപ്പ്.