കേരളത്തിൽ നിന്നും ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാർത്ഥികളിൽ ഒരാൾ കടലിൽ മുങ്ങിമരിച്ച വാർത്ത രണ്ടാഴ്ച മുൻപാണ് നമ്മൾ കേട്ടത്.ഇതിനും മുൻപും ഇത്തരം ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.
പലനാളായി കാത്തുവെച്ച യാത്രാ സ്വപ്നങ്ങള്‍ക്കൊടുവില്‍ ഗോവയിലെത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതായ കുറേയധികം കാര്യങ്ങളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അബദ്ധങ്ങളിലേക്കും നഷ്ടത്തിലേക്കും ഒക്കെ എത്തിച്ചേക്കാവുന്ന ചില കാര്യങ്ങള്‍… ഒരു പക്ഷേ, യാത്ര കഴിഞ്ഞ് പോകുമ്പോള്‍ ഇനി ഗോവയെന്നു കേട്ടാല്‍ പോലും മനം മടുപ്പിക്കുന്ന
തരത്തിലുള്ള അനുഭവങ്ങൾ.
ഗോവയില്‍ എളുപ്പത്തില്‍ ചെയ്തുപോകുവാന്‍ സാധ്യതയുള്ള, പിന്നീട് ദോഷമായി മാറിയേക്കാവുന്ന, ഒരു പക്ഷേ സ്ഥിരമായി തന്നെ സംഭവിക്കുന്ന അബദ്ധങ്ങളെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്ന് വായിക്കാം.
ഗോവ യാത്രയെന്നാല്‍ സാഹസിക വിനോദങ്ങള്‍, പ്രത്യേകിച്ച് ഡൈവിങ്ങും പാലാഗ്ലൈഡിങ്ങും ഉള്‍പ്പെടെ വളരെ നാളുകളായി വിഷ് ലിസ്റ്റില്‍ കിടക്കുന്ന ഇനങ്ങള്‍ ചെയ്യണം എന്നു തീരുമാനിച്ചായിരിക്കും പലരും ഗോവയിലേക്ക് എത്തുന്നത്. അവിടുത്തെ തിക്കും തിരക്കും ഒഴിവാക്കുവാനും നല്ല ഡീല്‍ ലഭിക്കുവാനുമായി പലരും ഗോവ യാത്ര പ്ലാന്‍ ചെയ്യുമ്പോ തന്നെ ഈ കാര്യങ്ങളും ബുക്ക് ചെയ്യും. പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോള്‍ പറ്റിക്കപ്പെടുവാനും തെറ്റിദ്ധരിപ്പിക്കപ്പെടുവാനും സാധ്യതകള്‍ ഏറെയുണ്ട്. പ്രധാന സ്ഥലത്തുനിന്നും വളരെ ദൂരെ ആയിരിക്കും നിങ്ങള്‍ ഇതിനായി തിരഞ്ഞെടുത്ത ഇടങ്ങള്‍. അവിടേക്ക് എത്തിച്ചേരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മൊത്തത്തിലുള്ള യാത്രാ പ്ലാനിനെ തന്നെ ചിലപ്പോള്‍ ബാധിച്ചേക്കും. മറ്റൊന്ന്, ചിത്രങ്ങളില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായി ലഭിക്കുന്ന സേവനങ്ങളാണ്. നല്കിയ പണത്തിനൊത്ത മൂല്യമില്ലാത്ത സേവനങ്ങളും ചിലപ്പോള്‍ ലഭിച്ചേക്കാം.
നേരത്തെ ഗോവയില്‍ പോയവരുമായി സംസാരിച്ചോ അല്ലെങ്കില്‍ വിശ്വസനീയമെന്ന് നിങ്ങള്ക്കുറപ്പുള്ളചോ ആയ സൈറ്റുകള്‍ വഴി വാട്ടര്‍ സ്പോര്‍ട്സുകളും അഡ്വഞ്ചര്‍ ആക്റ്റിവിറ്റികളും ബുക്ക് ചെയ്യാം. സ്പോട്ടില്‍ തന്നെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ഓഫറുകള്‍ ലഭ്യമാക്കുന്ന ഇടങ്ങളും ഇവിടെയുണ്ട്.
വാട്ടര്‍ സ്പോര്‍സിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ തന്നെ മുന്‍കൂട്ടി താമസസൗകര്യങ്ങള്‍ ബുക്ക് ചെയ്യാതിരിക്കുക. ചിലപ്പോള്‍ നിങ്ങള്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നിന്നും വളരെ ദൂരയാണ് താമസിക്കുന്നതെങ്കില്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ യാത്രയിലുടനീളം അനുഭവിക്കേണ്ടതായി വരും.
ഗോവയില്‍ എത്ര ദിവസം തങ്ങുന്നുണ്ടെന്നും ഏതെല്ലാം സ്ഥലങ്ങളാണ് കാണുവാന്‍ പ്ലാന്‍ ചെയ്യുന്നത് എന്നും ആദ്യം തിരുമാനിക്കുക. അതിനുശേഷം, ഓരോ ദിവസവും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുമെന്ന് നോക്കി അവിടേക്കുള്ള യാത്രയ്ക്കായി എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന സ്ഥലത്ത് മികച്ച ഹോട്ടല്‍ അല്ലെങ്കില്‍ ഹോം സ്റ്റേയോ ഹോസ്റ്റലോ കണ്ടെത്തി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ റിവ്യൂവും ഫോട്ടോകളും നോക്കുക. സാധിക്കുമെങ്കില്‍ മുന്‍പേ പോയിട്ടുള്ളവരോട് സംസാരിച്ച് തീരുമാനത്തിലെത്തുക.
പുതിയൊരു സ്ഥലത്തു പോയാല്‍ അവിടെ ലഭ്യമാകുന്നെതെല്ലാം ആസ്വദിക്കുവാന്‍ സ്വഭാവീകമായും ആളുകള്‍ തല്പരരായിക്കും. ഗോവയെപ്പോലെ അനന്തമായ സാധ്യതകള്‍ സഞ്ചാരികള്‍ക്ക് നല്കുന്ന ഇടങ്ങളാണെങ്കില്‍ പറയുകയും വേണ്ട. പലപ്പോഴും ആളുകള്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കടലിലിറങ്ങുകയും വണ്ടി നിര്‍ത്തുവാന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തുകയും ചെയ്യുന്നത് പോലുള്ല പ്രവര്‍ത്തികള്‍ പലപ്പോഴും അപകടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകാറുണ്ട്.
പോകുന്ന ഇടങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. വെള്ളച്ചാട്ടത്തില്‍ ഇറങ്ങുവാന്‍ അനുമതിയില്ലാത്ത ഇടങ്ങളില്‍ ഇറങ്ങാതിരിക്കുക. പലപ്പോഴും വെള്ളം പതിക്കുന്ന ഇടങ്ങളില്‍ ഇറങ്ങുന്നത് മുങ്ങിപ്പോകുന്നതിനും മരണത്തിനും കാരണമാകാറുണ്ട്. ഇതുപോലെ കടലിലിറങ്ങുന്നത് സംബന്ധിച്ച് ലൈഫ് ഗാര്‍ഡുമാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.