NEWS

ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് ; കോൺഗ്രസിനെതിരെ എം എ യൂസുഫലി

തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച്‌ കാണിക്കരുതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി.

മൂന്നാം ലോക കേരളസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂര്‍ത്തെന്ന് ചോദിച്ച അദ്ദേഹം പ്രവാസികളെ വിഷമിപ്പിക്കരുതെന്ന് ഓര്‍മിപ്പിച്ചു. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് ആണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നും നേതാക്കള്‍ ഗള്‍ഫില്‍ വരുമ്ബോള്‍ കൊണ്ട് നടക്കുന്നത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വലിയ തുക മുടക്കി ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യൂസുഫലിയുടെ പ്രസ്താവന. ലോക കേരള സഭ പ്രവാസികള്‍ക്കുള്ള ആദരവാണെന്നും പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ടെന്നും പ്രവാസികള്‍ക്ക് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

അതേസമയം, ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നത് ഒരുമിച്ചെടുത്ത തീരുമാനപ്രകാരമായിരുന്നുവെന്നും 16 കോടി ചെലവാക്കി പരിപാടി നടത്തിയതാണ് ധൂര്‍ത്തെന്ന് പറഞ്ഞതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല എതിര്‍ത്തതെന്നും എല്ലാത്തിനും പ്രോഗ്രസ് റിപ്പോര്‍ട്ടുള്ള മുഖ്യമന്ത്രിക്ക് ഇതില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇല്ലാത്തതിനാലാണ് എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.ലോക കേരള സഭ ബഹിഷ്‌കരിക്കുമെന്നും സതീശൻ വ്യക്തമാക്കി.

 

 

മൂന്ന് ദിവസമായി നടക്കുന്ന മൂന്നാം ലോക കേരളസഭയില്‍ 182 പ്രവാസികളും, 169 ജനപ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും. 182 പ്രവാസികളില്‍ 104 പേര്‍ ഇന്ത്യയ്ക്കു പുറത്തുള്ളവരും 36 പേര്‍ ഇതര സംസ്ഥാന പ്രവാസികളുമാണ്. തിരികെയെത്തിയ 12 പ്രവാസികളും പ്രമുഖരായ 30 പ്രവാസികളും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവരും പ്രവാസവുമായി ബന്ധപ്പെട്ട മറ്റ് പ്രമുഖരും പ്രത്യേക ക്ഷണിതാക്കളാണ്.

Back to top button
error: