കൊച്ചി: രാത്രികാലങ്ങളിൽ ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് കറങ്ങിനടന്ന് കടകളുടെയും സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിലെ സാധനസാമഗ്രികൾ നശിപ്പിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. കുമ്പളങ്ങിക്കാരൻ റോജൻ കല്ലഞ്ചേരിയെയാണ് വ്യാഴാഴ്‌ച പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇയാൾ രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങിനടക്കുന്ന ദൃശ്യം പ്രദേശത്തെ സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചിരുന്നു. കുമ്പളങ്ങിയിലെ മാല പൊട്ടിക്കൽ കേസുകൾക്കും സമീപപ്രദേശങ്ങളിലെ വീടുകളിൽ നടന്നിട്ടുള്ള മോഷണശ്രമങ്ങൾക്കും പിന്നിൽ ഹെൽമെറ്റുധാരിയാണെന്ന് നാട്ടുകാർ നേരത്തെ തന്നെ ആരോപിച്ചിരുന്നു.ഇതോടെ സംഭവത്തിൽ സമഗ്ര അന്വഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ സിപിഐ എം നോർത്ത് ലോക്കൽ കമ്മിറ്റി സ്ഥാപിച്ച ബോർഡ് തകർത്ത യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റോജൻ കല്ലഞ്ചേരിക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ സെക്രട്ടറി ജയ്സൻ ടി ജോസ് ആവശ്യപ്പെട്ടു.കുമ്പളങ്ങിയിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടയിൽ നടന്ന മോഷണങ്ങളിൽ ഇയാൾക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ജയ്സൺ ആവശ്യപ്പെട്ടു.