NEWS

മഴകാത്ത് കേരളം; മണ്‍സൂണ്‍ വൈകുന്നതില്‍ ആശങ്ക

പത്തനംതിട്ട: ഇടവത്തില്‍ മഴ ഇടവഴി നീളെ എന്നാണ് പഴമൊഴി… മിഥുനമിങ്ങെത്തിയെങ്കിലും ഇത്തവണ ഇടവഴികളിലൊന്നും കാര്യമായി മഴയെത്തിയില്ല. തിരിമുറിയാതെ പെയ്യേണ്ട ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതിന്‍റെ ദുഃഖത്തിലാണ് കര്‍ഷകര്‍.

കാലവര്‍ഷം നേരത്തെ എത്തും.. എത്തി.. തുടങ്ങി… എന്നൊക്കെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ പകുതിയായിട്ടും മഴ എത്തിയില്ല. പാടങ്ങളുടേയും പുഴകളുടെയും അവസ്ഥ വേനലിന് സമമാണ്. എങ്കിലും ഇടക്കാലത്ത് ലഭിച്ച ‘അപൂര്‍വ്വ മഴ’യുടെ പച്ചപ്പ് അങ്ങിങ്ങ് ബാക്കിയുണ്ട്. അതുകൊണ്ട് കുടിവെള്ള ക്ഷാമം ഇത്തവണ രൂക്ഷമായില്ലെന്നത് മാത്രമാണ് ആശ്വാസം.

ജൂണ്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 109.7 മില്ലീ മീറ്റര്‍ മഴയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും കുറഞ്ഞ കണക്ക്. 2018 ല്‍ ജൂണ്‍ മാസം 343.7 മില്ലി മീറ്റര്‍ മഴയാണ് പെയ്തതെങ്കില്‍ 2019 ല്‍ ഇത് 175.4ഉം 2020 ല്‍ 230ഉം 2021 ല്‍ 161.1മില്ലീ മീറ്റര്‍ മഴയുമായിരുന്നു. കടലില്‍ കാര്‍മേഘങ്ങള്‍ ഉണ്ടെങ്കിലും അതു പെയ്തിറങ്ങാനാവശ്യമായ കാറ്റില്ല എന്നതാണ് മണ്‍സൂണിനെ പിന്നോട്ടടിപ്പിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്.

Signature-ad

 

 

 

മണ്‍സൂണ്‍ മഴയില്‍ 60 ശതമാനത്തിന്‍റെ കുറവാണ് ഇതുവരെ അനുഭവപ്പട്ടത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജൂണില്‍ മഴ വളരെയധികം കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെയും ഏജന്‍സികളുടെയും നിഗമനം. ജൂണില്‍ മഴ തീരെ കുറഞ്ഞാല്‍ കാലവര്‍ഷത്തെ ആശ്രയിക്കുന്ന കര്‍ഷകരെയാണ് അത് ദോഷകരമായി ബാധിക്കുക. ഞാറ്റുവേലകളില്‍ മഴയുടെ തോത് വര്‍ധിച്ചില്ലെങ്കില്‍ വലിയ കൃഷിനാശത്തിനും അത് കാരണമാകുമെന്നും ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.

Back to top button
error: