ഒരു രാജ്യത്തേക്ക് പോകുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് വിമാന ടിക്കറ്റ് ബുക്കിങ്. എന്നാല്‍ അവിടെ വിമാനത്താവളമില്ലെങ്കിലോ തൊട്ടടുത്ത ഏതെങ്കിലും രാജ്യത്ത് വിമാനമിറങ്ങി മറ്റേതെങ്കിലും ഗതാഗത മാര്‍ഗം ഉപയോഗിച്ച് എത്തിച്ചേരേണ്ടി വരും. അങ്ങനെ സ്വന്തമായി വിമാനത്താവളം ഇല്ലാത്ത ചില രാജ്യങ്ങളെക്കുറിച്ച് കേട്ടോളൂ
വത്തിക്കാന്‍ സിറ്റി
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനില്‍ വിമാനത്താവളം ഇല്ല. തൊട്ടടുത്ത രാജ്യമായ ഇറ്റലിയിലെ റോമില്‍ വിമാനമിറങ്ങി വേണം ഇവിടെയെത്താന്‍. റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി ഫ്യൂമിസിനോ വിമാനത്താവളത്തിൽ നിന്ന് ഇവിടേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്.
സാന്‍ മരിനോ
ലോകത്തില്‍ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ സാന്‍ മരിനോയിലും വിമാനത്താവളം ഇല്ല. ഇറ്റലിയിലെ ഫെഡെറിക്കോ ഫെല്ലിനി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി അരമണിക്കൂര്‍ നേരം ഡ്രൈവ് ചെയ്താല്‍ സാന്‍ മരിനോയിലെത്താം. ഇരുരാജ്യങ്ങളും തമ്മില്‍ 21 കിലോമീറ്റര്‍ ആണ് ദൂരം.
ആന്‍ഡോറ
സ്പെയിനിന്‍റെയും ഫ്രാന്‍സിന്റേയും അതിര്‍ത്തി പങ്കിടുന്ന മനോഹരമായ യൂറോപ്യന്‍ രാജ്യമായ ആന്‍ഡോറയിലും എയര്‍പോര്‍ട്ട് ഇല്ല. പ്രകൃതിസൗന്ദര്യത്തിന് ഏറെ പേരുകേട്ടതാണ് ഈ രാജ്യം. യൂറോപ്പിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമായ വെല്ല ഇവിടെയാണ്. സ്പെയിനിലും ഫ്രാന്‍സിലുമായി ആകെ അഞ്ചു എയര്‍പോര്‍ട്ടുകള്‍ ആണ് ആന്‍ഡോറയ്ക്ക് ചുറ്റും ഉള്ളത്. മൂന്നു മണിക്കൂര്‍ കൊണ്ട് ഡ്രൈവ് ചെയ്ത് എത്താവുന്ന ദൂരത്തിലാണ് എല്ലാ വിമാനത്താവളങ്ങളും.
മൊണാക്കോ
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ മൊണാക്കോയും സ്വന്തമായി വിമാനത്താവളം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്നു. മൂന്നു വശത്തെ അതിര്‍ത്തികളും ഫ്രാന്‍സുമായി പങ്കിടുന്ന ഈ രാജ്യത്തിന്‍റെ ഒരു വശത്തായി മെഡിറ്ററേനിയന്‍ കടലാണ്. ഫ്രാന്‍സിലെ നൈസ് കോട്ടെ ഡിയാസുര്‍ വിമാനത്താവളത്തില്‍ ഇറങ്ങി അര മണിക്കൂര്‍ ഡ്രൈവ് ചെയ്ത് വേണം മൊണാക്കോയില്‍ എത്താന്‍.
ലിക്റ്റൻസ്റ്റൈൻ
പടിഞ്ഞാറ് സ്വിറ്റ്സർലൻഡുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്ന കുഞ്ഞു യൂറോപ്യന്‍ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്നൊരു പ്രത്യേകത കൂടി ഈ രാജ്യത്തിനുണ്ട്. സ്വിറ്റ്സർലൻഡിലെ സെന്‍റ് ഗാലെന്‍ ആള്‍ട്ടെര്‍ഹെയ്ന്‍ വിമാനത്താവളമാണ് ലിക്റ്റൻസ്റ്റൈന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്നും കാറിലോ ബോട്ടിലോ ലിക്റ്റൻസ്റ്റൈലിനിലേക്ക് എത്താം. സ്വിസ്സ് അല്ലെങ്കില്‍ ഓസ്ട്രിയന്‍ റെയില്‍വേ ഉപയോഗിച്ചും ഇവിടെ എത്താവുന്നതാണ്.