KeralaNEWS

മുളകില്‍ പൂപ്പല്‍, അരിയില്‍ പ്രാണികളുടെ അവശിഷ്ടങ്ങള്‍, വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ; സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: സ്‌കൂള്‍ തുറന്നതിന് പിന്നാലെ കായംകുളം സ്‌കൂളില്‍ നിന്നും കൊട്ടാരക്കര അംഗനവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. കായംകുളം സ്‌കൂളിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചു. അരിയില്‍ പ്രാണികളുടെ അവശിഷ്ടങ്ങളും മുളകില്‍ പൂപ്പലും കണ്ടെത്തി. കൊട്ടാരക്കര അങ്കണവാടിയിലെ കുട്ടികള്‍ക്ക് വിതരണം ചെയ്ത അരി, പയര്‍, റവ എന്നിവയിലും പ്രാണികളെ കണ്ടെത്തി.

കായംകുളം ടൗണ്‍ ഗവ സ്‌കൂളിലെ സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ക്ക് വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 15 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Signature-ad

കൊട്ടാരക്കരയില്‍ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച നാല് കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവിടെ നിന്നും 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി ആരോഗ്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സമാനമായ രീതിയില്‍ ഭക്ഷ്യ വിഷബാധയേറ്റ വിഴിഞ്ഞം, കാസര്‍കോട് സ്‌കൂളുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എല്‍.എം എല്‍.പി സ്‌കൂളിലെ രണ്ട് കുട്ടികളില്‍ നേരത്തെ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണിത്. പകര്‍ച്ചാ ശേഷിയും കൂടുതലാണ്. അങ്ങനെയെങ്കില്‍ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തല്‍ പ്രധാനമാണ്. എന്നാല്‍ ഇവിടത്തെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.

 

Back to top button
error: