KeralaNEWS

പ്രണയം നിരസിച്ച പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം, നാദാപുരത്തും മൂന്നാറിലും യുവാക്കൾ അറസ്റ്റിൽ

   നാദാപുരം: പേരോട്, കോളജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി നയീമ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.

കല്ലാച്ചി ഹൈടെക് കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി പോരോട്ടെ തട്ടില്‍ അലിയുടെ മകള്‍ നയിമയാണ് വ്യാഴാഴ്ച വീടിന് സമീപത്തു വച്ച് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയായ മാകേരി ഏച്ചിത്തറമല്‍ റഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡരികിൽ വീണ പെൺകുട്ടിയെ നാട്ടുകാരാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചത്.

Signature-ad

വ്യാഴം രാവിലെ തന്നെ റഫ്‌നാസ് പേരോട്ടെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് എത്തിയിരുന്നു. പകൽ രണ്ടോടെ കോളജിൽനിന്ന്‌ മടങ്ങിവരുന്ന നയീമയെ കൊലപ്പെടുത്താനായി ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. നയീമ വീടിന് സമീപമെത്തിയപ്പോൾ പിന്തുടർന്നെത്തി ശിരസ്സിൽ വെട്ടുകയായിരുന്നു. കൃത്യം നിർവഹിച്ചശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു പദ്ധതി എന്നാണ് പൊലീസ് നിഗമനം. അതുവഴി വന്ന കാർ യാത്രികരാണ് ആക്രമം പ്രതിരോധിച്ച് ഇയാളെ കീഴ്പ്പെടുത്തി പൊലീസിന്‌ കൈമാറിയത്‌. അവർക്കുനേരെയും റഫ്‌നാസ്‌ കൊടുവാൾ വീശി. കല്ലാച്ചിയിലെ തുണിക്കടയിൽ  ജോലിചെയ്യുകയാണ്‌ റഫ്‌നാസ്.

പെണ്‍കുട്ടിയെ ആക്രമിച്ചതിന് ശേഷം കൈഞരമ്പു മുറിച്ച് റഫ്നാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് കേഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടുവാളും പെട്രോളുമായാണ്‌ പ്രതി എത്തിയത്‌. വെട്ടിയത്‌ പ്രണയം നിരസിച്ചതിന് എന്ന്‌ യുവാവ്‌ പൊലീസിനോടു പറഞ്ഞു. വെട്ടാനുപയോഗിച്ച കൊടുവാളും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

സമാനമായ സംഭവം കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും അരങ്ങേറി. സഹപാഠിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി എസ്റ്റേറ്റിലെ ആറുമുറി ലയത്തിൽ ബ്രിജീഷ് (19) ആണ് അറസ്റ്റിലായത്. സെവൻമല എസ്റ്റേറ്റിൽ വച്ച് മെയ് 12 നാണ് സംഭവം നടന്നത്. കൂടെ പഠിച്ചിരുന്ന പെൺകുട്ടിയും ബ്രിജേഷും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയ വൈരാഗ്യത്തിൽ ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയിൽ പ്രതി കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കയ്യിൽ കരുതിയ ബ്ളേഡ് ഉപയോഗിച്ച് ശരീരം മുറിച്ച് തോട്ടിൽ ചാടുകയായിരുന്നു ബ്രിജേഷ്.

പരുക്കേറ്റ ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി നേരത്തെ തന്നെ വീട്ടിലേക്ക് പോന്നെങ്കിലും ബ്രിജേഷ് ഇന്നലെയാണ് ഡിസ്ചാർജ് ആയത്. അപ്പോൾ തന്നെ മൂന്നാർ എസ്എച്ച് ഒ മനേഷ് കെ പൗലോസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.

Back to top button
error: