പത്തനംതിട്ട: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 183എയുടെ നവീകരണം അതിവേഗം നടത്താന്‍ നീക്കം.മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണിത്. ചവറ ടൈറ്റാനിയം ജങ്ഷനില്‍നിന്ന് ആരംഭിച്ച് കടമ്ബനാട്-അടൂര്‍-കൈപ്പട്ടൂര്‍- മൈലപ്ര-വടശ്ശേരിക്കര-ളാഹ-പ്ലാപ് പള്ളി-കണമല-എരുമേലി-മുണ്ടക്കയം വഴി മുപ്പത്തഞ്ചാം മൈലില്‍ എത്തുന്ന പാതയാണിത്.120 കിലോമീറ്ററാണ് പാതയുടെ നീളം.ശബരിമല തീർത്ഥാടകർക്ക് അതിവേഗം പമ്പയിൽ എത്താൻ കഴിയും എന്നതാണ് പ്രത്യേകത.
പ്ലാപ്പള്ളിയില്‍നിന്ന് പമ്ബവരെ പാതക്ക് എക്സ്റ്റെന്‍ഷനുണ്ട്. 28 കിലോമീറ്റര്‍ ദൂരമാണ് ഈ ഭാഗത്തിനുള്ളത്. അടൂര്‍ നെല്ലിമൂട്ടിപ്പടിയില്നിന്ന് ആനന്ദപ്പള്ളിവരെ ബൈപാസ് ഉണ്ടാകും. ഓമല്ലൂര്‍ ടൗണില്‍ വരാതെ ബൈപാസുവഴി പുത്തന്‍പീടികയിലെത്തി പത്തനംതിട്ട ടൗണില്‍ കടക്കാതെ ചെറിയ ബൈപാസുവഴി മൈലപ്ര പഞ്ചായത്ത് ഓഫിസിന് സമീപത്തുകൂടി മണ്ണാറക്കുളഞ്ഞിയിൽ എത്തും.
പിന്നീട് വടശ്ശേരിക്കര വഴി ളാഹ-പ്ലാപ്പള്ളി-കണമല എം.ഇ.എസ് കോളജ് ജങ്ഷനില്‍നിന്ന് എരുമേലി-മുണ്ടക്കയം റോഡിന് സമാന്തരമായി എട്ട് കിലോമീറ്റര്‍ ബൈപാസുവഴി കരിനിലത്ത് എത്തും.അവിടെ നിന്ന് മുണ്ടക്കയം ടൗണില്‍ പ്രവേശിക്കാതെ മുപ്പത്തഞ്ചാം മൈലില്‍ എത്തും.