NEWSWorld

കോണ്‍ഗ്രസിന് നിര്‍ദ്ദേശങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍; ”രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുത്”

ഡല്‍ഹി: പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. പഴയ പ്രതാപമില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശമാണ് പ്രശാന്ത് കിഷോര്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. എന്നാലിക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ നിന്നും പച്ചക്കൊടി ലഭിക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസും പ്രശാന്ത് കിഷോറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കടുത്ത ഭിന്നതയിലാണ് അത് അവസാനിച്ചത്.

Signature-ad

മേഘാലയില്‍ പ്രശാന്ത് കിഷോറിന്റെ ചരടുവലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ പോയതോടെ അകല്‍ച്ച പൂര്‍ണമായി. എന്നാല്‍ ഗുജറാത്തില്‍ നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിര്‍ത്താനുള്ള ആലോചനകളും വീണ്ടും തുടങ്ങിയത്. താന്‍ പാര്‍ട്ടിയിലേക്ക് എത്തണമെങ്കില്‍ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേല്‍ ആവശ്യപ്പെട്ടതായാണ് വിവരം.

കോൺഗ്രസിൽ ചേരണോ എന്ന വിഷയത്തിൽ പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിന് ഒപ്പം സഖ്യങ്ങൾ സംബന്ധിച്ചും പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച അദ്ദേഹം, പ്രശാന്ത് കിഷോർ സമർപ്പിച്ച 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റ രൂപരേഖയെ കുറിച്ച് പഠിക്കാൻ സമിതിയെ ഉടൻ തീരുമാനിക്കുമെന്നും വിശദീകരിച്ചു.

 

Back to top button
error: