NEWS

ബാങ്കിങ് വിശദാംശങ്ങള്‍ കൈക്കലാക്കിയുള്ള തട്ടിപ്പ് വ്യാപകം; കരുതിയിരിക്കുക

ബാങ്കിലെ അക്കൗണ്ട് വിശദാംശങ്ങള്‍ കൈക്കലാക്കിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു.ബാങ്കിങ് അപ്‌ഡേറ്റിങിനായി അക്കൗണ്ട് നമ്ബറും എ.ടി.എം പിന്‍നമ്ബറും വേണമെന്നാവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ കൂടുതലും വരുന്നത്.ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് മിക്ക ഫോണ്‍ വിളികളും.
ബാങ്കിങ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ മരവിപ്പിക്കുമെന്നും പുതിയ നിയമമാണിതെന്നുമാണ് ഫോണ്‍ ചെയ്യുന്ന തട്ടിപ്പുകാര്‍ പറഞ്ഞു ഫലിപ്പിക്കുക.ഒരാളുടെ അക്കൗണ്ട് നമ്ബറും എ.ടി.എം പിന്‍ നമ്ബറും ലഭിച്ചാല്‍ പണം പിന്‍വലിക്കാന്‍ ഈ തട്ടിപ്പു സംഘത്തിന് കഴിയും.കഴിഞ്ഞ ദിവസം പ്രവാസിയായ കോട്ടയം സ്വദേശിയുടെ അക്കൗണ്ടിലുള്ള 1,56200 രൂപയാണ് ഇങ്ങനെ തട്ടിപ്പിലൂടെ നഷ്ടമായത്. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹം എ.ടി.എം കാര്‍ഡിന്റെ വിവരങ്ങളും ഫോണിലേക്ക് വന്ന ഒ.ടി.പി അടക്കം കൈമാറിയത്. നിമിഷങ്ങള്‍ക്കകം അക്കൗണ്ട് കാലിയായപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇദ്ദേഹം അറിഞ്ഞത്.
ബാങ്കുകളില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ച്‌ ആരും വിളിക്കില്ലെന്നും ബാങ്കിന്റെ പേരില്‍ വ്യപകമായി വിളിക്കുന്ന വ്യാജ കോളുകള്‍ കരുതിയിരിക്കണമെന്നും എല്ലാ ബാങ്ക് അധികൃതരും ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ബാങ്കുകളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ ചോദിച്ച്‌ ആരും വിളിക്കില്ലെന്ന സാമാന്യബോധം എല്ലാവര്‍ക്കും വേണമെന്ന് സാമൂഹിക പ്രവര്‍ത്തകരും ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നു.ബാങ്ക് വിവരങ്ങള്‍ ഫോണ്‍ വഴി ആര് ചോദിച്ചാലും നല്‍കരുതെന്നും ബാങ്കിലേക്ക് നേരിട്ട് വരാമെന്ന് അറിയിക്കണമെന്നുമാണ് അധികൃതർ പറയുന്നത്.തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമന്നും സംശയം തോന്നുന്ന ഫോണ്‍ നമ്ബറുകള്‍ ശ്രദ്ധിക്കുകയും അധികൃതര്‍ക്ക് അവ കൈമാറണമെന്നും പൊലീസും പലതവണ അറിയിച്ചിട്ടുണ്ട്.എങ്കിലും തട്ടിപ്പുകൾക്ക് ഇപ്പോഴും യാതൊരു പഞ്ഞവുമില്ല എന്നതാണ് വാസ്തവം.അതിലുപരി തട്ടിപ്പിൽ വീഴുന്നവർക്കും!

Back to top button
error: