ആലപ്പുഴ: നിർമ്മാണം പൂർത്തിയായ കൂട്ടംവാതുക്കല്‍കടവ് പാലം ബുധനാഴ്ച തുറന്നു കൊടുക്കും. വലിയഴീക്കല്‍പാലത്തിന് ശേഷം കേരളത്തിന്‍റെ മുഖ്യ ആകര്‍ഷണമാകാന്‍ പോകുന്ന ആലപ്പുഴ ജില്ലയിലെ മറ്റൊരുപാലമാണിത്. പുതിയകാലത്തിന് അനുസരിച്ച് പുതിയ നിര്‍മ്മാണരീതികള്‍ നടപ്പിലാക്കുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ മറ്റൊരു അഭിമാന പദ്ധതി.
കായംകുളം നിയമസഭാമണ്ഡലത്തിലെ കണ്ടലൂര്‍ പഞ്ചായത്തിനെയും ദേവികുളങ്ങര പഞ്ചായത്തിനെയും തമ്മില്‍ബന്ധിപ്പിക്കുന്ന ഈ പാലം വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. 2005 മുതല്‍ പാലം നിര്‍മ്മാണത്തിനായുള്ള പ്രാരംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഇതിന് ജീവന്‍വെച്ചത്. മുന്‍ മന്ത്രി ജി സുധാകരന്‍റെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേകം രൂപകല്‍പ്പനചെയ്തതാണ് ഈ പാലം. 2019 ല്‍ പ്രവൃത്തി ആരംഭിച്ച് 15 മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് മാഹാമാരി നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സം നിന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിന്നുപോയ പ്രവൃത്തികള്‍ ഇളവുകള്‍ വന്നതോടെ ഈ സർക്കാരിന്റെ കാലത്ത് പുനരാരംഭിക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കൂട്ടംവാതുക്കല്‍കടവ് പാലവും നാടിന് സമര്‍പ്പിക്കുകയാണ്.
പ്രദേശത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടി പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ ആകര്‍ഷകമായ രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്ത് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
13.04.2022 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് കൂട്ടംവാതുക്കല്‍കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിക്കും.