കൊളംബോ: കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍പോലും പാല് വാങ്ങാന്‍ കിട്ടാനില്ലാത്ത രാജ്യം, പിന്നെയുള്ളത് പാല്‍പ്പൊടിയാണ്. പക്ഷേ, അതിന്റെ വില താങ്ങാനാകില്ല. മരുന്നിനും പാല്‍പ്പൊടിക്കും ഇന്ധനത്തിനുമൊക്കെയായി ആരുടെയൊക്കെയോ കനിവുതേടി തെരുവില്‍ ക്യൂ നില്‍ക്കുകയാണ് ഒരു ജനത. ‘കുടുംബ സര്‍ക്കാരിന്റെ’ വികല നയങ്ങളാല്‍ കടക്കെണിയിലായിപ്പോയ രാജ്യത്തിന്റെ ദുരവസ്ഥയാണിത്. വളരെ ദൂരെയൊന്നുമല്ല, ആ രാജ്യം. കേരളത്തില്‍നിന്നു നേരിട്ടുള്ള വിമാനത്തില്‍ യാത്ര ചെയ്താല്‍ ഒന്നര മണിക്കൂറില്‍ എത്താവുന്ന അയല്‍രാജ്യമായ ശ്രീലങ്കയിലാണു ദുരിതത്തിരമാല അടിച്ചുകയറുന്നത്.
ഇന്ധന, ഭക്ഷ്യക്ഷാമങ്ങള്‍ കാരണം ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ, ആശങ്കക്കടലിലാണ് 2.2 കോടിയോളമുള്ള മനുഷ്യര്‍. ഭേദപ്പെട്ട ജീവിതനിലവാരത്തില്‍ കഴിഞ്ഞവരാണു ലങ്കന്‍ ജനത. പെട്ടെന്ന് എല്ലാം ഇരുട്ടിലാക്കിയതു സര്‍ക്കാരിന്റെ പിടിപ്പുകേടുകളാണെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.
പാചകവാതകവിതരണം നിലച്ചിട്ട് ഒരു മാസമായി. മൂന്നു മണിക്കൂര്‍വരെ വരിയില്‍ നിന്നാലും സ്റ്റൗ കത്തിക്കാന്‍ മണ്ണെണ്ണ കിട്ടാത്ത അവസ്ഥ. പാല്‍ക്ഷാമം രൂക്ഷമായതോടെ പാല്‍പ്പൊടിക്കു ഡിമാന്‍ഡ് കൂടി. കിലോഗ്രാമിന് 2000 ശ്രീലങ്കന്‍ രൂപ വിലയുള്ള പാല്‍പ്പൊടി താങ്ങാനാവില്ലെന്നു നാട്ടുകാര്‍ സങ്കടപ്പെടുന്നു.
രാജപക്സെ കുടുംബം നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ വികല നയങ്ങളാണ് ആ രാജ്യത്തെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അധികാരത്തിലേറിയ ഉടന്‍ സ്വീകരിച്ച ദീര്‍ഘവീക്ഷണമില്ലാത്ത നയതീരുമാനങ്ങളാണു ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയെ ഇന്നത്തെ നിലയില്ലാക്കയത്തിലേക്കു നയിച്ചതെന്നു കരുതുന്നവരാണേറെയും. കുമിഞ്ഞുകൂടുന്ന കടബാധ്യതയ്ക്കൊപ്പം, പാളിപ്പോയ ഹ്രസ്വകാല സാമ്പത്തിക നയങ്ങളും രാജ്യത്തെയും ജനജീവിതത്തെയും പിടിച്ചുലയ്ക്കുകയാണ്.
രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി രാസവള ഇറക്കുമതി നിരോധിച്ച് ജൈവവളത്തിലേക്കു തിരിയാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്ത പ്രസിഡന്റിന്റെ തീരുമാനം ഭക്ഷ്യോല്പാദനത്തെ ഉലച്ചതും നിലവിലെ ക്ഷാമത്തിനു കാരണമാണ്. ആഭ്യന്തര ഉല്പാദനം കുറഞ്ഞതോടെ അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. മറ്റു ഭക്ഷ്യവസ്തുക്കളുടെ അവസ്ഥയും വ്യത്യസ്തമല്ല. കോഴിയിറച്ചി കിലോഗ്രാമിന് 6500 ശ്രീലങ്കന്‍ രൂപയാണു കഴിഞ്ഞ ദിവസത്തെ വില. വില കുറഞ്ഞ പച്ചക്കറികള്‍ വാങ്ങാമെന്നു കരുതിയാലും പാചകവാതകമോ മണ്ണെണ്ണയോ കിട്ടാനില്ല. ടാക്സി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇന്ധനം കിട്ടാതെ വീട്ടിലിരിക്കുകയാണ്. വണ്ടിയില്‍ ഇന്ധനം നിറയ്ക്കാന്‍ മണിക്കൂറുകളോളം പെട്രോള്‍ പമ്പിനു മുന്നില്‍ വരിനില്‍ക്കണം. കടലാസ് ക്ഷാമം മൂലം ചോദ്യക്കടലാസ് അച്ചടിക്കാന്‍ കഴിയാതെ പരീക്ഷകളെല്ലാം മാറ്റിവച്ചു.
കംപ്യൂട്ടറോ ഫോണോ ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കാനാകുന്നില്ല. പവര്‍കട്ട് മൂലം അച്ചടിശാലകളെല്ലാം നിലച്ചതോടെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തക അച്ചടിയും നിര്‍ത്തി. കോവിഡ് മൂലം ടൂറിസത്തിനുണ്ടായ തിരിച്ചടി, ഇന്ധനവിലക്കയറ്റം, തേയില കയറ്റുമതിയിലെ പ്രതിസന്ധി എന്നിവയും ശ്രീലങ്കയ്ക്ക് ഇരുട്ടടിയായി. വിദേശനാണ്യം ആകര്‍ഷിക്കാന്‍ മാര്‍ച്ച് ഏഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചതു പെട്ടെന്നുള്ള വിലക്കയറ്റത്തിലേക്കു നയിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി.
ഇക്കൊല്ലം മാത്രം 690 കോടി ഡോളര്‍ (ഏകദേശം 52,633 കോടി ഇന്ത്യന്‍ രൂപ) വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കല്‍ നിലവില്‍ 200 കോടി ഡോളറിന്റെ (ഏകദേശം 15,256 കോടി ഇന്ത്യന്‍ രൂപ) വിദേശനാണ്യ ശേഖരമാണ് അവശേഷിക്കുന്നതെന്നാണു കണക്ക്. പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവര്‍ഷം ശരാശരി 200 കോടി ഡോളറാണ് ആ രാജ്യത്തിനു വേണ്ടത്. ഐഎംഎഫ് (രാജ്യാന്തര നാണ്യനിധി) സഹായത്തോടെ വായ്പകള്‍ പുനഃക്രമീകരിച്ചു പ്രതിസന്ധിയില്‍നിന്നു കരകയറാനാണ് ഇപ്പോഴത്തെ ശ്രമം. ഐഎംഎഫ് വായ്പ ലഭിച്ചാല്‍ അവര്‍ നിഷ്കര്‍ഷിക്കുന്ന പുതിയ നികുതികള്‍ ഉള്‍പ്പെടെ ശക്തമായ സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാജ്യത്തു നടപ്പാക്കേണ്ടിവരും.
പെട്രോള്‍ പമ്പിലെ ക്യൂവിന്റെ നീളം കുറഞ്ഞപ്പോള്‍ ശ്രീലങ്കയില്‍ പുതിയൊരു ക്യൂ രൂപം കൊള്ളുകയാണ്. പാസ്പോര്‍ട്ട് ഓഫിസിനു മുന്നിലാണ് യുവാക്കളുടെ നീണ്ട നിര. പഠന വീസയില്‍ ഓസ്ട്രേലിയയിലോ കാനഡയിലോ യുകെയിലോ പോകണം. ശ്രീലങ്കയില്‍നിന്ന് അഭയം തേടിയെത്തുന്നവര്‍ ഇന്ത്യയ്ക്കുമുന്നിലും സങ്കീര്‍ണമായ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. ജനരോഷം കത്തിപ്പടരുമ്പോഴും അധികാരമൊഴിയാന്‍ ഗോട്ടബയ രാജപക്സെ തയാറല്ല. സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്ത പാര്‍ലമെന്റില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഗോട്ടബയ വീട്ടില്‍ പോകണമെന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സര്‍ക്കാരിനെതിരെ ജനങ്ങളും തെരുവിലാണ്. നേതാക്കളുടെ വീടുകളില്‍വരെ സമരക്കാര്‍ കയറിയതോടെ സുരക്ഷാസേന ക്രമസമാധാനപാലനം എറ്റെടുത്തു. അരിയും ഇന്ധനവും ഉള്‍പ്പെടെയുള്ള സാധനങ്ങളും സാധ്യമായത്ര സാമ്പത്തിക സഹായവും നല്കി ഇന്ത്യ ചേര്ത്തുപിടിക്കുന്നതാണു ലങ്കന്‍ ജനതയുടെ ആശ്വാസം.