NEWSWorld

ചക്ക ദുബായിലേക്ക് പറക്കുന്നു; പക്ഷേ കേരളത്തില്‍നിന്നല്ല!

ധൂബ്രി: ദുബായിലേക്ക് ഇനി ചക്കയും പച്ചമുളകും പറന്നെത്തും. ചക്ക വരുന്നത് കേരളത്തില്‍നിന്നല്ലെന്നു മാത്രം. പകരം അസമില്‍നിന്നാണ്. ദുബായിലേക്ക് അസമില്‍നിന്ന് ചക്കയും പച്ചമുളകും കയറ്റുമതി ചെയ്യുന്നതിന് വെള്ളിയാഴ്ച തുടക്കമിട്ടു. അസമിലെ ബിലാസിപാറ ടൗണില്‍ നിന്ന് ചക്കയും മുളകുമായി പുറപ്പെട്ട വാഹനം ധൂബ്രി ഡപ്യൂട്ടി കമ്മിഷണര്‍ അന്‍ബമുതന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. ലോകപ്രിയോ ഗോപിനാഥ് ബൊര്‍ദോലോയ് വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച മുംബൈയിലേക്കും അവിടെനിന്ന് ദുബായിലേക്കും ചക്കയെത്തിക്കാനാണു പദ്ധതി.

1500 കിലോ ചക്കയും 500 കിലോ പച്ചമുളകുമാണ് കയറ്റുമതി ചെയ്യുന്നത്. ഇത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലെ 200ലധികം സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എത്തിക്കും. വിഷു അടുത്തതോടെ കണിവയ്ക്കാനും കറി വയ്ക്കാനും വറുക്കാനുമെല്ലാമായി ചക്കയ്ക്ക് വന്‍ ഡിമാന്‍ഡാണ് ഗള്‍ഫ് മേഖലയില്‍. അസമിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ (എപിഇഡിഎ) ഏകോപനത്തിലാണ് കയറ്റുമതി.

‘ധൂബ്രി ജില്ലയോടൊപ്പം അസമിനും കാര്‍ഷിക-സാമ്പത്തിക മേഖലയ്ക്ക് ഇതു പ്രധാനപ്പെട്ട ദിവസമാണ്. ജില്ലാ ഭരണകൂടത്തിന്റെയും കര്‍ഷകരുടെയും അതിതീവ്രപരിശ്രമത്തിലൂടെ ധൂബ്രിയില്‍ നിന്ന് ദുബായിലേക്ക് ചക്കയും പച്ചമുളകും കയറ്റുമതി ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,’അന്‍ബമുതന്‍ പറഞ്ഞു. കയറ്റുമതി സാധ്യതയുള്ള നിരവധി കാര്‍ഷിക ഉല്‍പന്നങ്ങള്‍ ധൂബ്രിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഗുവാഹത്തിയില്‍ എപിഇഡിഎ സംഘടിപ്പിച്ച ഒരു എക്‌സിബിഷനിലൂടെയാണ് ദുബായിലേക്കുള്ള കയറ്റുമതി അവസരം തേടിയെത്തിയത്. തുടര്‍ന്ന് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി.

ബിലാസിപാറ, നയര്‍ അല്‍ഗ ഡവലപ്മെന്റ് ബ്ലോക്ക് ഏരിയ എന്നിവിടങ്ങളിലെ 560 കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഗ്രീന്‍ ചില്ലി പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കോഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (എഫ്പിഒ) ആണ് കയറ്റുമതി ഇനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. അതേസമയം, ചക്കയ്ക്കും പച്ചമുളകിനും ആവശ്യമായ ഉപഭോക്താക്കളെ ലഭിച്ചാല്‍ ധൂബ്രിയില്‍നിന്ന് കയറ്റുമതി തുടരുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ രവികുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചക്ക ഉല്‍പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് അസമാണ്. ഒഡീഷയാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 312.18 ടണ്‍ ചക്കയാണ് ഒഡീഷയില്‍ ഉല്‍പാദിപ്പിച്ചത്. ഇന്ത്യയിലെ ആകെ ഉല്‍പാദനത്തിന്റെ 16.63%. രണ്ടാം സ്ഥാനത്ത് കേരളമാണ്263 ടണ്‍. ആകെ ഉല്‍പാദനത്തിന്റെ 14.01 ശതമാനവും കേരളത്തില്‍നിന്നാണ്. ചക്കയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിന്റെ മുന്‍നിരയില്‍ കേരളവുമുണ്ട്. മൂന്നാമതാണ് അസം212.16 ടണ്‍. ആകെ ഉല്‍പാദനത്തിന്റെ 11.41 ശതമാനവും അസമില്‍നിന്നാണ്. ബംഗാള്‍, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളും ചക്ക ഉല്‍പാദനത്തില്‍ മുന്‍പന്തിയിലാണ്.

 

Back to top button
error: