മൊബൈല്‍ താരീഫ് വര്‍ധന പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4ജി മൊബൈല്‍ താരീഫ് നിരക്കില്‍ ഉണ്ടായ വര്‍ധനവ് പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവില്‍ 32.10 മില്യണ്‍ ഉപഭോക്താക്കളെയാണ് ടെലികോം കമ്പനികള്‍ക്ക് നഷ്ടമായത്. അതില്‍ 28.14 മില്യണ്‍ ഉപഭോക്താക്കളും നഷ്ടമായത് റിലയന്‍സ് ജിയോയ്ക്ക് ആണ്. അതേ സമയം എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം 1.5 മില്യണ്‍ വര്‍ധിച്ചു. വോഡാഫോണ്‍ ഐഡിയയുടെ ഇക്കാലയളവിലെ നഷ്ടം 5.55 മില്യണ്‍ ഉപഭോക്താക്കളാണ്.
നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് രണ്ടും മൂന്നും സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നവര്‍, അത് ഉപേക്ഷിക്കുന്നതാണ് വരിക്കാരെ നഷ്ടമാവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ഒരുമാസം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം 4 മില്യണില്‍ നിന്ന് 8 മില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ മൊബൈല്‍ നെറ്റുവര്‍ക്കിലേക്ക് ജനം മാറുകയാണ്.
അതിനിടെ കൃത്യമായി ഒരു മാസം കാലാവധിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ട്രായി ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി റിലയന്‍സ് ജിയോ അത്തരത്തിലുള്ള റെന്റല്‍ പ്രീപെയ്ഡ് പ്ലാന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഈ പ്രീപെയ്ഡ് പ്ലാന്‍ പ്രകാരം ഏപ്രില്‍ 10ന് റീചാര്‍ജ് ചെയ്താല്‍ പിന്നീട് മെയ് 10 വരെ ഉപയോഗിക്കാം. ഓരോ മാസവും എത്ര ദിവസം ഉണ്ട് എന്നത് കണക്കാക്കില്ല. മറ്റ് കമ്പനികളും താമസിയാതെ ഇത്തരം പ്ലാനുകള്‍ അവതരിപ്പിച്ചേക്കും.
അതേ സമയം വരും വര്‍ഷങ്ങളില്‍ രണ്ട്-മൂന്ന് ഘട്ടങ്ങളിലായി താരീഫ് നിരക്ക് ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് എയര്‍ടെല്‍. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയായി ഉയര്‍ത്തുകയാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ 5ജി അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ 4ജി, 5ജി പ്ലാനുകള്‍ പ്രത്യേകം അവതരിപ്പിക്കേണ്ടി വരും. അങ്ങനെയാണെങ്കില്‍ 4ജി നിരക്കുകള്‍ കുറയാനും സാധ്യതയുണ്ട്.