ഇതാ ചൈനയുടെ മാന്‍ഹാട്ടന്‍ പ്രോജക്ട്! അമേരിക്കന്‍ വിലക്കുകള്‍ തകര്‍ത്ത് എഐ ചിപ്പുകളുടെ നിര്‍മാണത്തിനുള്ള മെഷീന്‍ രൂപകല്‍പനയുടെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കി; രഹസ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം; ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍; റിവേഴ്‌സ് എന്‍ജിനീയറിംഗ് മുതല്‍ ചാരപ്രവര്‍ത്തനം വരെ; കുത്തകകള്‍ തകര്‍ന്നടിയും
നിലവില്‍ നാനോ ചിപ്പുകളുടെ കുത്തക കൈവശം വയ്ക്കുന്ന കമ്പനിയായ എഎസ്എംഎല്‍ സിഇഒ ക്രിസ്‌റ്റോഫ് ഏപ്രിലില്‍ ചൈനയ്‌ക്കെതിരേ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ചൈനയ്ക്ക് അനേകമനേകം വര്‍ഷങ്ങള്‍ ഇതിനു വേണ്ടിവരുമെന്നായിരുന്നു പ്രതികരണം. എന്നാല്‍, ഇവര്‍ കരുതിയതിനേക്കാള്‍ വേഗത്തില്‍ അര്‍ധചാലകങ്ങളുടെ രൂപകല്‍പനയില്‍ ചൈന മുന്നേറിയെന്നാണ് ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിംഗപ്പുര്‍: അമേരിക്ക ആറ്റംബോബ് ആദ്യമായുണ്ടാക്കിയ മാന്‍ഹാട്ടന്‍ പ്രോജക്ടുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അപ്രമാദിത്യം ഉറപ്പിക്കുന്ന നിര്‍ണായക കണ്ടുപിടിത്തം നടത്തിയെന്ന വെളിപ്പെടുത്തലുമായി റോയിട്ടേഴ്‌സ്. അമേരിക്ക വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, എഐ ചിപ്പുകളുടെ നിര്‍മാണത്തില്‍ അതീവ നിര്‍ണായകമാകുന്ന അതീവ സങ്കീര്‍ണമായ മെഷീന്‍ നിര്‍മിച്ചെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഷെന്‍ഷെനിലെ വമ്പന്‍ സുരക്ഷയുള്ള ലബോറട്ടറിയില്‍ നിര്‍മിത ബുദ്ധി, സ്മാര്‍ട്ട്‌ഫോണുകള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവയ്ക്കു ശക്തിപകരുന്ന സെമി കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന യന്ത്രത്തിന്റെ പ്രോട്ടോ ടൈപ്പാണ് ചൈന വികസിപ്പിച്ചത്.
ഒരു ഫാക്ടറി മുഴുവന്‍ നിറയുന്ന വലുപ്പമുള്ള യന്ത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായെന്നും ഇപ്പോള്‍ പരീക്ഷണ ഘട്ടത്തലാണെന്നുമാണു പറയുന്നത്. ഡച്ച് സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ എഎസ്എംഎല്ലിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഈ നേട്ടമുണ്ടാക്കിയത്. നിലവില്‍ എഎസ്എംഎല്‍-നു മാത്രമുള്ള എക്ട്രീം അള്‍ട്രാവയലറ്റ് ലിത്തോഗ്രാഫി മഷീന്‍ (ഇയുവി) ആണ് റിവേഴ്‌സ് എന്‍ജീനീയറിംഗി (അഴിച്ചുപണി)യിലൂടെ നിര്‍മിച്ചത്.
സാങ്കേതിക ശീതയുദ്ധം നടക്കുന്ന കാലത്ത് ഇയുവി മെഷീനുകള്‍ നിര്‍ണായകമാണ്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഉപയോഗിച്ചു മനുഷ്യന്റെ മുടിനാരിനെ ആയിരക്കണക്കിനു മടങ്ങായി കീറിമുറിക്കുന്നതിനു സമമായ നാനോ സര്‍ക്യൂട്ടുകള്‍ നിര്‍മിക്കാന്‍ കഴിയും. നിലവില്‍ ഇത് പാശ്ചാത്യരുടെ കുത്തകയാണ്. സര്‍ക്യൂട്ടുകള്‍ ചെറുതാകുംതോറും കൂടുതല്‍ ശക്തിയേറിയ ചിപ്പുകളും നിര്‍മിക്കാം. ചൈനയുടെ മെഷീന്‍ പ്രവര്‍ത്തന ക്ഷമമാണെങ്കിലും ഇവയുപയോഗിച്ചു ചിപ്പുകള്‍ നിര്‍മിച്ചു തുടങ്ങിയിട്ടില്ല.
നിലവില്‍ നാനോ ചിപ്പുകളുടെ കുത്തക കൈവശം വയ്ക്കുന്ന കമ്പനിയായ എഎസ്എംഎല്‍ സിഇഒ ക്രിസ്‌റ്റോഫ് ഏപ്രിലില്‍ ചൈനയ്‌ക്കെതിരേ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ചൈനയ്ക്ക് അനേകമനേകം വര്‍ഷങ്ങള്‍ ഇതിനു വേണ്ടിവരുമെന്നായിരുന്നു പ്രതികരണം. എന്നാല്‍, ഇവര്‍ കരുതിയതിനേക്കാള്‍ വേഗത്തില്‍ അര്‍ധചാലകങ്ങളുടെ രൂപകല്‍പനയില്‍ ചൈന മുന്നേറിയെന്നാണ് ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന തരത്തില്‍ കൃത്യതയുള്ള ഒപ്റ്റിക്കല്‍ സിസ്റ്റം നിര്‍മിക്കുന്നത് ചൈയ്ക്കു മുന്നില്‍ വെല്ലുവിളിയാണ്.
പഴയ എഎസ്എംഎല്‍ മെഷീനുകളില്‍നിന്നുള്ള ഭാഗങ്ങള്‍ സെക്കന്‍ഡറി വിപണിയില്‍ ലഭ്യമായതാണ് ചൈനയ്ക്ക് മെഷീനിന്റെ പ്രോട്ടോ ടൈപ്പ് നിര്‍മിക്കാന്‍ സഹായകരമായത്. 2028ല്‍ ചിപ്പുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. എങ്കിലും 2030ല്‍ ഈ ലക്ഷ്യം ചൈന കൈവരിക്കുമെന്നാണു പ്രോജക്ടുമായി സഹകരിക്കുന്നവര്‍ പറയുന്നത്. നേരത്തേ, പത്തുവര്‍ഷമെങ്കിലും ഇനിയും വേണ്ടിവരുമെന്നു പറഞ്ഞിടത്താണ് ഏറെ മുമ്പേതന്നെ ലക്ഷ്യത്തിലെത്തുമെന്ന നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത്.
സെമികണ്ടക്ടറുകളുടെ നിര്‍മാണം ഷീ ജിന്‍ പിങ് സര്‍ക്കാരിന്റെ ഏറ്റവും മുന്തിയ മുന്‍ഗണനാ പട്ടികയിലുള്ള കാര്യമാണ്. ആറുവര്‍ഷത്തെ കാലയളവാണിതിനു നിശ്ചയിച്ചിരുന്നത്. നിലവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മീഷന്‍ മേധാവിയായ ഡിങ് ഷുഷിയാങിന്റെ നേതൃത്വത്തിലാണു പദ്ധതി മുന്നോട്ടു പോകുന്നത്. ചൈനീസ് ഇലക്‌ട്രോണിക് ഭീമനായ ഹുവാവേയാണ് ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആയിരക്കണക്കിന് എന്‍ജീനിയര്‍മാരാണ് പദ്ധതിക്കായി പണിയെടുക്കുന്നത്.
ചൈന തങ്ങളുടെ സപ്ലൈ ചെയിനുകളില്‍നിന്ന് അമേരിക്കയെ നൂറുശതമാനവും പുറത്താക്കാന്‍ ഉദ്ദേശിക്കുന്നത്. അമേരിക്ക ആണവബോംബുകള്‍ രഹസ്യമായി നിര്‍മിച്ച മാന്‍ഹാട്ടന്‍ പ്രോജക്ടിനോടാണ് വിദഗ്ധര്‍ ഇതിനെ ഉപമിക്കുന്നത്.
ഠ നിലവില്‍ കുത്തക ഒരാള്‍ക്കുമാത്രം
നെതര്‍ലാന്‍ഡിലെ വെല്‍ദോവന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഎസ്എംഎല്‍ എന്ന കമ്പനിക്കാണ് ഇയുവി ടെക്‌നോളജിയുടെ കുത്തക. ഇവരുടെ യന്ത്രങ്ങള്‍ക്ക് 250 ദശലക്ഷം ഡോളര്‍ ശരാശരി വിലവരും. എന്‍വിഡിയ, എഎംഡി പോലുള്ള കമ്പനികള്‍ ഡിസൈന്‍ ചെയ്ത ഏറ്റവും മുന്തിയ ചിപ്പുകള്‍ ഈ കമ്പനിയിലാണ് നിര്‍മിക്കുന്നത്. ടിസിഎംസി, ഇന്റല്‍, സാംസങ് പോലുള്ള കമ്പനികളും അവര്‍ക്കാവശ്യമായ ചിപ്പുകള്‍ ഇവിടെ നിര്‍മിക്കുന്നു.
എഎസ്എംഎല്‍ 2001ല്‍ ആണ് ഇയുവി സാങ്കേതികവിദ്യയുടെ ആദ്യ പ്രോട്ടോടൈപ്പ് നിര്‍മിച്ചത്. 2019ല്‍ ആദ്യമായി വാണിജ്യതലത്തില്‍ ചിപ്പുകള്‍ നിര്‍മിക്കുന്നതിനു മുന്നോടിയായി രണ്ടു ദശാബ്ദത്തോളം ബില്യണ്‍ യൂറോകളും ഇതിനായി ചെലവിട്ടു. ‘കമ്പനികള്‍ ഞങ്ങളുടെ സാങ്കേിതക വിദ്യകള്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, അതു ചെറിയ കാര്യമല്ല’ എന്നാണ് ചൈനീസ് പദ്ധതിയോട് എഎസ്എംഎല്‍ പ്രതികരിച്ചത്. എഎസ്എംഎല്ലിന്റെ ഇയുവി സിസ്റ്റങ്ങള്‍ ഇപ്പോള്‍ തായ്വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള യുഎസ് സഖ്യകക്ഷികള്‍ക്ക് ലഭ്യമാണ്.
എന്നാല്‍, ചൈനയ്ക്കു മാത്രം അമേരിക്ക വിലക്കേര്‍പ്പെടുത്തി. 2022ല്‍ നിയന്ത്രണങ്ങള്‍ വിപുലമാക്കി. ജോ ബൈഡന്‍ സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണത്തിലൂടെ ഹുവാവേ പോലുള്ള കുറഞ്ഞ നിലവാരത്തിലുള്ള ചിപ്പുകള്‍ നിര്‍മിക്കുന്ന പഴയ ഡീപ്പ് അള്‍ട്രാ വയലറ്റ് (ഡിയുവി) ലിത്തോഗ്രഫി മെഷീനുകളും വിലക്കി. ചിപ്പ് നിര്‍മാണത്തില്‍ ചൈനയെ ഒരുതലമുറയെങ്കിലും പിന്നിലാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി ഫലിച്ചെന്നു മാത്രമല്ല, ചൈനയുടെ ഈ രംഗത്തെ പുരോഗതി മന്ദഗതിയിലുമാക്കി.
ചൈനയുടെ മാന്‍ഹട്ടന്‍ പ്രോജക്ട്
പ്രോജക്ടിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ട പഴയ എഎസ്എംഎല്‍ എന്‍ജിനീയര്‍ മറ്റു സഹപ്രവര്‍ത്തകരെ തിരിച്ചറിഞ്ഞതോടെയാണ് ചൈനയുടെ ഈ വിഷയത്തിലുള്ള ഗൗരവം ബോധ്യപ്പെട്ടത്. ഇവരെല്ലാം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ വളപ്പിനു പുറത്ത് അവര്‍ എന്തിലാണു ജോലി ചെയ്യുന്നതെന്നുപോലും അറിയുന്നില്ല. 2020 മുതല്‍ ഹുവാവേ എന്‍ജിനീയര്‍മാരെ സമീപിക്കുന്നുണ്ട്. എന്നാല്‍, അമേരിക്കന്‍ നിയന്ത്രണങ്ങള്‍ കാരണം ഇവര്‍ക്കു പദ്ധതിയുമായി സഹകരിക്കാന്‍ കഴിയുമായിരുന്നില്ല. യൂറോപ്പിന്റെ സ്വകാര്യതാ നിയമങ്ങളുള്ളതിനാല്‍ എന്‍ജിനീയര്‍മാരെ കണ്ടെത്താനും ബുദ്ധിമുട്ടി.
മുന്‍ കമ്പനിയുമായുള്ള കരാറുകളും ഇവരെ പുറത്തേക്കു പോകുന്നതു വിലക്കി. എഎസ്എംഎല്ലിന്റെ രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു മുന്‍ ചൈനീസ് എന്‍ജീനിയര്‍ക്കെതിരേ 845 മില്യണ്‍ ഡോളറിന്റെ വിധി സമ്പാദിച്ചെങ്കിലും ‘പാപ്പര്‍’ ഹര്‍ജി ഫയല്‍ ചെയ്തശേഷം ചൈനീസ് പിന്തുണയോടെ ബീജിംഗില്‍ പ്രവര്‍ത്തനം തുടരുന്നു.
മുന്തിയ സാങ്കേതികവിദ്യ കൈക്കലാക്കാന്‍ ചൈന ചാരവൃത്തിവരെ നടപ്പാക്കിയെന്നാണ് ഡച്ച് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. മുന്‍ എന്‍ജിനീയര്‍മാര്‍ക്ക് 42 മുതല്‍ 70 ലക്ഷം ഡോളര്‍വരെ പ്രതിഫലവും വീടിനുള്ള സൗകര്യങ്ങളും സബ്‌സിഡികളുമാണ് വാഗ്ദാനം ചെയ്തത്. എഎസ്എംഎല്ലിന്റെ മുന്‍ ലൈറ്റ്‌സോഴ്‌സ് ടെക്‌നോളജി തലവനായ ലിന്‍ നാന്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. റിക്രൂട്ട്‌മെന്റിനുശേഷം ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഷാങ്ഹായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്‌സിലെ അദ്ദേഹത്തിന്റെ ടീം 18 മാസത്തിനുള്ളില്‍ ഇയുവി ലൈറ്റ് സോഴ്‌സുകളില്‍ എട്ട് പേറ്റന്റുകള്‍ ഫയല്‍ ചെയ്തു.
ഠ ചൈനയുടെ ഇയുവി ഫാബ്
എഎസ്എംഎല്‍ന്റെ ഏറ്റവും മുന്തിയ ഇയുവി സിസ്റ്റങ്ങള്‍ക്ക് ഏകദേശം സ്‌കൂള്‍ ബസിന്റെ വലുപ്പമുണ്ട്. 180 ടണ്‍ ഭാരം. ഇത് അതേപടി പകര്‍ത്താനുള്ള നീക്കം പരാജയപ്പെട്ടു. ഇതുമായി തട്ടിക്കുമ്പോള്‍ ചൈനയ്ക്ക ഏറെദൂരം ഇനിയും പോകാനുണ്ട്. പക്ഷേ, യന്ത്രം ഒരുപരിധിവരെ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ അവര്‍ വിജയിച്ചു. ചൈന അര്‍ഥവത്തായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് റിസര്‍ച്ച് കമ്പനിയായ സെമി അനാലിസിസിലെ അനലിസ്റ്റും മുന്‍ എഎസ്എംഎല്‍ എന്‍ജിനീയറുമായ ജെഫ് കോച്ചിന്റെ നിരീക്ഷണം.
എഎസ്എംഎല്‍ മെഷീനുകളുടെ ഭാഗങ്ങള്‍ സെക്കന്‍ഹാന്‍ഡ് മാര്‍ക്കറ്റില്‍നിന്ന് ലേലത്തിലൂടെയാണു ചൈന കണ്ടെത്തിയത്. അന്തിമമായി ഇത് ആരു വാങ്ങുന്നു എന്നത് പൂര്‍ണമായും മറച്ചുവച്ചു. ഇതിനുശേഷം യന്ത്രങ്ങള്‍ റിവേഴ്‌സ് എന്‍ജിനീയറിംഗ് നടത്താന്‍ ശേഷിയുള്ള ടീമിനെ ചുമതലപ്പെടുത്തി. അതിനുശേഷമാണ് ചൈന നിര്‍ണായകമായ നിലയിലേക്കു പുരോഗമിച്ചതെന്നും ഇതുമായി ബന്ധമുള്ളവര്‍ വെളിപ്പെടുത്തിയതെന്നും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.






