Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

‘പാകിസ്ഥാനെ എങ്ങനെ വിലക്കും? ഇരട്ടത്താപ്പ് നടക്കില്ലെന്ന് മുന്‍ ഐസിസി ചെയര്‍മാന്‍; ഇന്ത്യ മാറിനിന്നപ്പോള്‍ വിലക്കിയില്ല, ഐസിസി പക്ഷം പിടിക്കുന്നെന്നും ഇഹ്‌സാന്‍ മാനി

ഇസ്ലാമാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ വിലക്കാന്‍ ഐസിസിക്ക് കഴിയില്ലെന്ന് ഐസിസി മുന്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി. മുന്‍ പിസിബി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിക്കില്ല എന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞതോടെയാണ് പാക്കിസ്ഥാന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് നേരത്തെ ഐസിസി മാറ്റിയിരുന്നത്. ഈ മാസം 15ന് കൊളംബോയില്‍ വച്ചാണ് ഇന്ത്യപാക് മല്‍സരം നിശ്ചയിച്ചിരുന്നത്.

പാക്കിസ്ഥാനെതിരായ വിലക്ക് പ്രായോഗികമല്ലെന്നാണ് മാനി വ്യക്തമാക്കുന്നത്. തീരുമാനം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേതാണെന്നും പിസിബിക്ക് അതില്‍ പങ്കില്ലെന്നതുമാണ് ഇതിന് കാരണമായി മാനി പറയുന്നത്. മാത്രവുമല്ല, ചാംപ്യന്‍സ് ട്രോഫി കളിക്കായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ആരും വിലക്കിയിരുന്നില്ലെന്നും മാനി ചൂണ്ടിക്കാട്ടുന്നു. ഇരട്ടത്താപ്പ് പറ്റില്ലെന്നും നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഐസിസി പക്ഷം പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചതായി സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റില്‍ സര്‍ക്കാരുകള്‍ക്ക് കയറി ഇടപെടാനുള്ള അവസരവും ഐസിസി നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Signature-ad

പാക് ക്രിക്കറ്റ് ടീമിന് ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാനുള്ള അനുമതി ഞായറാഴ്ചയാണ് പാക് സര്‍ക്കാര്‍ നല്‍കിയത്. പക്ഷേ ഇന്ത്യയ്‌ക്കെതിരെ ടീം കളിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിസിബി ഇക്കാര്യം ഇതുവരെയും ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ബംഗ്ലദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി പകരം സ്‌കോട്‌ലന്‍ഡിനെ പ്രഖ്യാപിച്ചത് മുതല്‍ പാക്കിസ്ഥാനും ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണി പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വി മുഴക്കിയിരുന്നു. പിന്നാലെ ലോകകപ്പിന് പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരാവും കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും നിലപാടെടുത്തു.ഒടുവിലാണ് സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്.

ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് പാക്കിസ്ഥാനുള്ളത്. സല്‍മാന്‍ അലി ആഗ നയിക്കുന്ന പാക് ടീം ഇന്നലെ വൈകുന്നേരത്തോടെ കൊളംബോയിലെത്തി. ഫെബ്രുവരി ഏഴിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മല്‍സരം. ഇതിന് മുന്നോടിയായി നാളെ അയര്‍ലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ സന്നാഹ മല്‍സരവും കളിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: