തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുട്ടികള്‍ വിലങ്ങുതടിയായി, ആറു വയസുകാരിയെ കൊന്ന് കനാലിലെറിഞ്ഞ് പിതാവ്, മൊഴികളിലെ വൈരുദ്ധ്യം സംശയത്തിനിടയാക്കി, പ്രതിയെ കുടുക്കിയത് ടവര്‍ ലൊക്കേഷന്‍

ഹൈദരബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമാകാതിരിക്കാൻ ആറുവയസുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയായ പാണ്ഡുരംഗ് കോണ്ഡ്മംഗളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ട്.
ബാർബറായ പാണ്ഡുരംഗിന് ആദ്യം ഇരട്ട പെൺകുട്ടികളാണ് ജനിച്ചത്. പിന്നീട് ഒരു മകനും ഉണ്ടായി. തന്റെ രാഷ്ട്രീയ മോഹങ്ങൾ യാഥാർത്ഥ്യമാക്കാൻ മൂന്ന് കുട്ടികള്‍ തടസമാകുമെന്ന് കണ്ട പാണ്ഡുരംഗ് മകള്‍ പ്രാചിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നിസാം സാഗർ കനാലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതിന് പിന്നാലെ പാണ്ഡുരംഗിന്‍റെ കാണാതായ മകൾ പ്രാചിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് നൽകിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു. കൊലപാതകം നടന്ന സമയത്ത് ഇയാൾ തെലങ്കാനയിൽ ഉണ്ടായിരുന്നതായി ലൊക്കേഷൻ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.






