കോടതി കയറിയിറങ്ങാൻ നേരമില്ല: ഗൂഗിൾ കൊടുക്കും നഷ്ടപരിഹാരം : വെറും 570 കോടി രൂപ

കാലിഫോർണിയ: കേസിനും കോടതി നടപടികൾക്കും പോകാതെ നഷ്ടപരിഹാരം കൊടുത്ത് പരാതി ഒത്തുതീർപ്പാക്കുക എന്നത് പൊതുവേ എല്ലാ നാട്ടിലും നടക്കുന്ന കാര്യമാണ്. ലോകപ്രശസ്ത സെർച്ച് എഞ്ചിനായ ഗൂഗിളും അങ്ങനെ ഒരു നഷ്ടപരിഹാരം കൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഒന്നോ രണ്ടോ ലക്ഷമോ രണ്ടോ മൂന്നോ കോടിയോ അല്ല 570 കോടി രൂപയാണ് ഗൂഗിൾ നഷ്ടപരിഹാരമായി നൽകാൻ തയ്യാറായിരിക്കുന്നത്.

ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ സംഭാഷണങ്ങൾ ഗൂഗിൾ വോയ്സ് അസിസ്റ്റന്റ് രഹസ്യമായി റിക്കാർഡ് ചെയ്യുന്നതിനെതിരേ ഫയൽ ചെയ്തിരിക്കുന്ന സ്വകാര്യതാ ലംഘന കേസ്. കേസിലാണ് 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഗൂഗിൾ തങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു തെറ്റും സമ്മതിച്ചിട്ടില്ല.
കോടതി രേഖകൾ പ്രകാരം ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലാ ജഡ്ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽനിന്ന് ഈ ഒത്തുതീർപ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.
കമ്പനിയുടെ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റിക്കാർഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ള കേസിലാണ് നടപടി. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ആരുടെയും അനുമതിയില്ലാതെ ഗൂഗിൾ അസിസ്റ്റന്റ് റിക്കാർഡ് ചെയ്തെന്നാണ് പരാതിക്കാർ ആരോപിച്ചത്.






