എട്ടുവീട്ടിൽ പിള്ളമാരും ചങ്ങനാശേരിയും
കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ചങ്ങനാശേരി. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യഘട്ടങ്ങളിൽ മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന ചങ്ങനാശേരിച്ചന്ത വേലുത്തമ്പി ദളവയാണ് നിർമ്മിച്ചത്.
തെക്കുംകൂർ രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്ന ചങ്ങനാശേരി ഇന്ന് രണ്ട് പ്രബല സമുദായങ്ങളുടെ ആസ്ഥാന കേന്ദ്രം കൂടിയാണ്. സാഹിത്യകാരൻമായിരുന്ന ഉള്ളൂരിൻ്റെയും എ ആർ രാജരാജ വർമ്മയുടെയും ജൻമദേശം. (ഇനിയും ഉണ്ട് പലരും) ചരിത്ര പ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങൾ ചങ്ങനാശേരിയിലുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലത്തിൻ്റെ ചിത്രമാണ് മുകളിൽ.
മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തെ പ്രമുഖരായ നാട്ടുപ്രമാണിമാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ – രാജ ഭരണത്തിൽ അമിതമായി കൈ കടത്തുന്നു എന്ന ആരോപണത്തിൻമേൽ മാർത്താണ്ഡവർമ്മ അവരെ വധിക്കുകയും (ചതി?) അവരുടെ സ്ത്രീകളെ മറ്റു ജാതിക്കാർക്ക് പിടിച്ചുകൊടുക്കുകയും ചെയ്തു. ശേഷം ധർമ്മരാജാവിൻ്റെ കാലഘട്ടമായപ്പോൾ രാജ്യത്ത് അനർത്ഥങ്ങൾ ധാരാളമായി ഉണ്ടാകാൻ തുടങ്ങി. തൻ്റെ സമയത്ത് രാജ്യം അധ:പതിച്ചു എന്ന ദുഷ്പ്പേര് മറികടക്കാൻ ധർമ്മരാജാവ് ദൈവജ്ഞൻമാരെ ആശ്രയിച്ചു. അരുംകൊല ചെയ്യപ്പെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ ആത്മാക്കൾ ഗതി കിട്ടാതെ അലഞ്ഞു നടക്കുന്നതാണ് അനർത്ഥങ്ങൾക്കു കാരണമെന്ന് അവർ കണ്ടെത്തി. ദു:ഖിതനായ രാജാവിനെ സഹായിക്കാൻ കൊട്ടാരം മാന്ത്രികനായ ചങ്ങനാശേരി പുഴവാത് കുമാരമംഗലം മനയിലെ നമ്പൂതിരി തയ്യാറായി. എട്ടു പേരുടെയും ആത്മാക്കളെ എട്ട് മണ്കുടങ്ങളിൽ ആവാഹിച്ച് തൻ്റെ കുടുംബ ക്ഷേത്രമായ ചങ്ങനാശ്ശേരി പുഴവാത് വേട്ടടി ഭദ്രകാളീ ക്ഷേത്രത്തിൽ കുടിയിരുത്തി. അന്ന് ധർമ്മരാജാവും അതിന് സാക്ഷ്യം വഹിച്ചിരുന്നു. തിരിച്ചു പോകും മുൻപ് അദ്ദേഹം ഭദ്രകാളിയെ സാക്ഷി നിർത്തി എട്ടു വീട്ടിൽ പിള്ളമാർക്ക് ഒരു സത്യം ചെയ്തു കൊടുത്തു.
വേണാട്ട് സ്വരൂപത്തിൽ നിന്നും രാജസ്ഥാനത്തുള്ള ആൾ ചങ്ങനാശേരിയുടെ മണ്ണിൽ കാലുകുത്തുന്ന ദിവസം ഈ ആത്മാക്കളെ മോചിപ്പിച്ചു കൊള്ളാം എന്നായിരുന്നു ആ വാക്ക്. പിന്നീട് ചങ്ങനാശേരിയിലൂടെ കടന്നുപോകാനുള്ള അവസരങ്ങൾ രാജാക്കൻമാർ ഒഴിവാക്കിയിരുന്നു. എസ്.ബി കോളജിലെ ഒരു ചടങ് അന്നത്തെ രാജാവ് കാറിനുള്ളിലിരുന്നാണ് ഉദ്ഘാടനം ചെയ്തത് എന്നുകേട്ടിട്ടുണ്ട്. എന്നാൽ വളരെ നാളുകൾക്ക് ശേഷം ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മന്നത്തു പത്മനാഭൻ്റെ ആഗ്രഹപ്രകാരം എൻ.എസ്.എസ് കോളജിൻ്റെ ഉദ്ഘാടനവേളയിൽ പതാക ഉയർത്താനായി എത്തി. പിള്ളമാർക്ക് കൊടുത്ത വാക്ക് അദ്ദേഹം പാലിച്ചില്ല. അന്ന് തിരുക്കൊച്ചിയുടെ രാജപ്രമുഖനായിരുന്നു ചിത്തിര തിരുനാൾ. വാക്ക് പാലിക്കാഞ്ഞിട്ടോ കാലം പുരോഗമിച്ചിട്ടോ അധികനാൾ കഴിയും മുൻപേ അദ്ദേഹത്തിന് രാജപ്രമുഖൻ സ്ഥാനം നഷ്ടമായി. തിരുവിതാംകൂർ ഭരിച്ചിരുന്ന അവസാനത്തെ രാജാവായി ചിത്തിര തിരുനാൾ മാറി. പാലിക്കപ്പെടാതെപോയ വാഗ്ദാനത്തിന്റെ നൊമ്പരം പേറിയ എട്ട് ആത്മാക്കൾ… ഇന്നും അവർ ആ ഒരാളിനായി കാത്തിരിക്കുന്നുണ്ടാവുമോ…? ഭൂമിയുടെ സ്വാതന്ത്ര്യത്തിലേക്ക് തങ്ങളെ മോചിപ്പിക്കുന്ന ഒരാൾ…