സില്‍വര്‍ലൈന്‍: സമരങ്ങളെ നേരിടാന്‍ ദേശീയതല പ്രചാരണത്തിന് സിപിഎം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സമരങ്ങളെ നേരിടാന്‍ ദേശീയതലത്തില്‍ പ്രചാരണത്തിനൊരുങ്ങി സിപിഎം. സില്‍വര്‍ലൈനിനെതിരായ പ്രതിഷേധങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പദ്ധതിക്ക് വേണ്ടി ദേശീയതലത്തില്‍ പാര്‍ട്ടി പ്രചാരണം നടത്തും.
സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് പുറത്തും പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഈ വിഷയം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. ഇതോടെ ദേശീയ തലത്തിലും സില്‍വര്‍ലൈന്‍ ഉയര്‍ന്നു വന്നു. ഇതിനാലാണ് ദേശീയ തലത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ നേരിടാന്‍ സിപിഎം തീരുമാനിച്ചത്. സംഘടനാതലത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. ദേശീയ തലത്തില്‍ വലിയ പ്രചാരണങ്ങള്‍ നടത്താനാണ് തീരുമാനം.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ എല്ലാ ബഹുജന സംഘടനകളേയും ഒത്തിണക്കിക്കൊണ്ട് വലിയൊരു പ്രചാരണ പരിപാടികളിലേക്ക് പാര്‍ട്ടി പോകുമെന്നാണ് വിവരം. പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണങ്ങള്ക്കായിരിക്കും ഊന്നല്‍ നല്‍കുക. സംഘടനാ തലത്തില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും ധാരണയായിട്ടുണ്ട്.