Crime

വനിതാ ഡോക്ടറുടെ പീഡനപരാതി: എസ്.എച്ച്.ഒയെ സ്ഥലംമാറ്റി

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനെ സ്ഥലംമാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു നടപടികള്‍ സ്വീകരിക്കും. വിവാഹ വാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമാണ് പരാതി. പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ പ്രസിഡന്റാണ് സൈജു. ആ സ്ഥാനത്തുനിന്ന് സൈജുവിനെ നീക്കാന്‍ തീരുമാനമായി.

മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വനിതാ ഡോക്ടര്‍ താമസിക്കുന്നത്. ഭര്‍ത്താവ് വിദേശത്താണ്. 2018വരെ അബുദാബിയില്‍ ദന്ത ഡോക്ടറായിരുന്ന യുവതി 2019 ഓഗസ്റ്റില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. അന്ന് എസ്‌ഐയായിരുന്ന സൈജു, യുവതിയുടെ കടമുറികള്‍ ഒഴിപ്പിക്കുന്നതിനു സഹായിച്ചു. പീന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. പ്രശ്‌നം പരിഹരിച്ചതിനു ചെലവു ചെയ്യണം എന്നാവശ്യപ്പെട്ട് 2019 ഒക്ടോബറില്‍ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Signature-ad

യുവതിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ: പരാതി പരിഹരിക്കാന്‍ ഇടപെട്ട സൈജു ഫോണ്‍ നമ്പര്‍ വാങ്ങി നിരന്തരം ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പ്രശ്‌നം പരിഹരിച്ചതിനാല്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സര്‍ജറി കഴിഞ്ഞ സമയമായതിനാല്‍ പേയാടുള്ള വീട്ടില്‍ വിശ്രമത്തിലായിരുന്നു. വീട്ടിലെത്തിയ സൈജു പ്രതിഷേധം അവഗണിച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. പിന്നീട്, പുറത്തു പറയരുതെന്നു പറഞ്ഞ് കാലുപിടിച്ചു യാചിച്ചു. ഭാര്യയുമായി ഇപ്പോള്‍ ബന്ധമില്ലെന്നും മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിക്കുന്നതെന്നും ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി തന്നെ സംരക്ഷിക്കാമെന്നും ഉറപ്പ് നല്‍കി. പീന്നീട് ഫോണിലൂടെ ബന്ധം തുടര്‍ന്നു. 2019 ഒക്ടോബറില്‍ വീണ്ടും വീട്ടിലെത്തി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

നിരന്തരമായ ഫോണ്‍ വിളികളും വിഡിയോ കോളുകളും കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടില്‍ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറില്‍ നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കില്‍ നിക്ഷേപിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ തന്റെ കയ്യില്‍നിന്ന് പണം വാങ്ങി. 2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനില്‍ക്കുമ്പോള്‍ ഇങ്ങനെ തുടരാന്‍ കഴിയില്ല എന്ന് അറിയിച്ചപ്പോള്‍ സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും താന്‍ എടുത്തില്ല. ഭീഷണി തുടര്‍ന്നതോടെ രക്തസമ്മര്‍ദം വര്‍ധിച്ച് ആശുപത്രിയിലായി. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകര്‍ന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് സൈജു പറയുന്നു. യുവതി ശല്യം ചെയ്യുന്നതിനെതിരെ സൈജുവും ഭാര്യയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായും വിവരമുണ്ട്.

 

Back to top button
error: