NEWS

കുട്ടികളിലെ പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം

 


രീക്ഷാ കാലം ഇങ്ങടുത്തു.കുട്ടികള്‍ക്കെന്നല്ല മാതാപിതാക്കൾക്കു പോലും ആധി കൂടുന്ന സമയമാണിത്.ഈ ആഴ്ച മോഡല്‍ പരീക്ഷയും ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകൾക്ക് 23 മുതൽ വാര്‍ഷിക പരീക്ഷയും 30 മുതല്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളും ആരംഭിക്കുകയാണ്.വിഷയങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷാ ഹാളില്‍ എത്തുമ്പോള്‍ അവ മറന്നുപോകുന്നതാണ് പല കുട്ടികളുടെയും പ്രധാന പ്രശ്‌നം.ഏതൊരു പരീക്ഷയേയും കൃത്യമായ പ്ലാനിംഗോടെ സമീപിച്ചാല്‍ വിജയം സുനിശ്ചിതമാണ്.പരീക്ഷയുടെ ടൈംടേബിള്‍ ലഭിച്ചിട്ടാവരുത് പ്ലാനിംഗ് തുടങ്ങാൻ എന്ന് മാത്രം.
അതുപോലെ പഠിക്കുന്നതിന് സമയം ഒരു പ്രശ്നമാകരുത്.ഓരോരുത്തര്‍ക്കും പഠിക്കുന്നതിന് ഇഷ്ടപ്പെട്ട സമയം ഉണ്ടാകും.ചിലര്‍ക്ക് പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നതിനായിരിക്കും താത്പര്യം. ചിലര്‍ക്ക് രാത്രി വൈകി ഇരുന്ന് പഠിക്കുന്നതാകും ഇഷ്ടം.കുട്ടികളെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഠിക്കാന്‍ വിടുന്നതാകും ഉചിതം.
എത്ര മണിക്കൂര്‍ പഠിച്ചുവെന്നതിലല്ല, എത്ര കാര്യക്ഷമമായി പാഠഭാഗങ്ങള്‍ പഠിച്ചു എന്നതിലാണ് കാര്യം.ഓരോ കുട്ടികളും പഠിക്കാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്.ചില കുട്ടികള്‍ ചുരുങ്ങിയ സമയംകൊണ്ട് പെട്ടെന്ന് പഠിക്കും.ചിലര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും.അതുകൊണ്ട് തന്നെ ഇത്ര സമയം കൊണ്ട് പഠിക്കണം എന്ന് കുട്ടികളോട് ഒരിക്കലും പറയരുത്.
കുട്ടികള്‍ക്ക് കംഫര്‍ട്ടബിളായിട്ടുള്ള സ്ഥലത്ത് ഇരുന്ന് പഠിക്കാന്‍ അനുവദിക്കുന്നതാകും നല്ലത്.കുട്ടികള്‍ പഠിക്കാന്‍ ഇരിക്കുന്ന റൂമില്‍ നല്ല വെളിച്ചവും വായുവും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഓരോ വിഷയങ്ങളും പാഠങ്ങളും പഠിക്കുമ്പോള്‍ ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും വസ്തുവുമായോ പ്രവര്‍ത്തനവുമായോ അവയെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും.

 

പ്രധാനപ്പെട്ട പാഠഭാഗങ്ങളോ, തിയറികളോ ഉള്ള പേജുകളില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വരച്ച് വച്ച് അവ പെട്ടെന്ന് ഓര്‍ത്തെടുത്ത് പാഠഭാഗം ഓര്‍മിച്ചെടുക്കാന്‍ സാധിക്കും.എഴുതി പഠിക്കുന്നതും ഓര്‍മശക്തി വര്‍ധിപ്പിക്കും.ഓരോ ദിവസവും ക്ലാസില്‍ നിന്ന് തിരിച്ചെത്തിയശേഷം അന്ന് ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ പരമാവധി ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കണം.ഇത് വലിയതോതിൽ മറവിയെ നേരിടാന്‍ സാധിക്കും.

 

 

കുട്ടികൾ തന്നെ അധ്യാപകരാകുക.അതായത് പാഠഭാഗങ്ങൾ സ്വയം പഠിക്കുന്നതിന് പകരം മുന്നിൽ കുട്ടികളുണ്ടെന്ന് മനസ്സിൽ വിചാരിച്ചങ്ങ് പഠിപ്പിക്കുക.പാഠഭാഗങ്ങൾ മനസ്സിൽ തങ്ങി നിൽക്കാൻ ഇതിലും മെച്ചപ്പെട്ട മറ്റൊരു മാർഗമില്ല.

 

കുട്ടികളുടെ പരീക്ഷാ കാലത്ത് മാതാപിതാക്കൾ പലരും ജോലിയില്‍നിന്ന് അവധിയെടുത്ത് വീട്ടില്‍ മക്കള്‍ പഠിക്കുന്നുണ്ടോ എന്നും നോക്കിയിരിക്കും. എന്നാല്‍, ഇതു പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കാറ്.രക്ഷിതാക്കളുടെ ടെന്‍ഷന്‍ കാണുന്നതോടെ കുട്ടികള്‍ക്ക് സമ്മര്‍ദമുണ്ടാകും.പിന്നെ പേടിയോടെയാകും പഠനം. ഫുള്‍ മാര്‍ക്ക് കിട്ടിയില്ലെങ്കില്‍, അല്ലെങ്കില്‍ തോറ്റാല്‍ എന്തുചെയ്യും എന്ന ടെന്‍ഷനിലാകും മക്കള്‍.അതിനാല്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് മക്കളുടെ പരീക്ഷ കാലം.

 

 

പരീക്ഷയെഴുതാൻ പോകുന്ന ഏതൊരു വിദ്യാർത്ഥിയിലും കണ്ടേക്കാവുന്ന ഒന്നാണ് പരീക്ഷാ പേടി എന്നത്.പരീക്ഷാ ഭീതിയും സമ്മർദ്ദവും ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് മെഡിറ്റേഷൻ.മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പരീക്ഷയ്ക്ക് മുമ്പുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും ശ്രദ്ധ നിലനിർത്തുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയായായി ധ്യാനത്തെ കാണാം.

 

കുട്ടികളോട് അവസാനമായി ഒരു വാക്ക്:
പഠനത്തോട് താല്‍പര്യമുണ്ടായാല്‍ ധൈര്യവും അറിവും ഓര്‍മയും തനിയെ ഉളവാകും.പരീക്ഷയെ പേടിക്കേണ്ട ആവശ്യവുമില്ല പാഠഭാഗങ്ങള്‍ ശ്രദ്ധയോടെ വായിക്കാനും മനസിലാക്കാനും ശ്രമിക്കുക.നിങ്ങൾക്ക് ഏറ്റവും കൂടുതല്‍ ഏകാഗ്രത കിട്ടുന്ന സ്ഥലങ്ങളെയും സമയങ്ങളെയും തിരിച്ചറിഞ്ഞ് അവയെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുക.

Back to top button
error: