വേനൽച്ചൂടിൽ ദാഹം അകറ്റാൻ വഴിയോരങ്ങളിൽ തണ്ണിമത്തൻ ഉൾപ്പടെയുള്ളവയുടെ കച്ചവടം ഇത്തവണയും പൊടിപൊടിക്കുന്നു.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാഹനത്തിൽ എത്തിച്ചാണ് കച്ചവടം. മൊത്തക്കച്ചവടക്കാരിൽ നിന്ന് ചെറുകിട കച്ചവടക്കാരെത്തി വാങ്ങി വിവിധയിടങ്ങളിൽ വിപണി തുറന്നും കച്ചവടം സജീവമാണ്.കഴിഞ്ഞ മാസം കിലോയ്ക്ക് 45 രൂപവരെ വന്ന തണ്ണിമത്തൻ 100 രൂപയ്ക്ക് 5 കിലോ എന്ന് വില പ്രദർശിപ്പിച്ചാണ് ഇപ്പോൾ വിൽപന. പാതയോരത്ത് മുൻ വർഷങ്ങളിലെ പോലെ തണ്ണിമത്തൻ ജ്യൂസിന്റെ വിൽപന അത്ര സജീവമല്ലാത്തതാണ് കാരണം.ലോക്ഡൗൺ കാരണം തൊഴിൽ നഷ്ടമായ കൂടുതൽ പേർ ഈ രംഗം ജീവിതമാർഗമാക്കിയതും വിലക്കുറവിന് കാരണമായി.കോവിഡിനെ തുടർന്ന് അപ്രത്യക്ഷമായ ഇളനീർ വിപണിയും വേനൽ കടുത്തതോടെ സജീവമായിട്ടുണ്ട്.
തണ്ണിമത്തനേക്കാളും വഴിയോര വിപണിയിലെ ദാഹശമനികളിൽ വിൽപന കൂടുതൽ കരിക്കിനാണ്.ഇതിൽ ഭൂരിഭാഗവും പാലക്കാട് തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്.രണ്ടു വർഷം മുൻപ് 20 രൂപയ്ക്ക് ലഭിച്ചിരുന്ന കരിക്കിന് പക്ഷെ ഇപ്പോൾ ഇരട്ടി നൽകണം.കരിമ്പിൻ ജ്യൂസിന്റെ വിൽപനയും സജീവമാണ്. വഴിയോര വിപണികൾ സജീവമായത് പൈനാപ്പിൾ കർഷകർക്കും ആശ്വാസമായി.
വേനൽ ചൂട് തുടങ്ങിയതോടെ പനനൊങ്കിനും ആവശ്യക്കാരേറിയിട്ടുണ്ട്.പെൺകരി മ്പനകളിൽ നിന്ന് ശേഖരിക്കുന്ന മധുരമുള്ള നൊങ്കാണ് കരിക്ക് വിൽക്കുന്നത് പോലെ പാതയോരത്ത് കൂട്ടിയിട്ട് വിൽക്കുന്നത്.ഒരു നൊങ്കിന് 30 രൂപയയാണ് വില ഈടാക്കുന്നത്.അതേസമയം മാമ്പഴം ഇത്തവണ എങ്ങും കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.