World

റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ചാര സാറ്റലൈറ്റുകളിലുള്ള നിയന്ത്രണം നഷ്ടമായെന്ന് അനോണിമസ്; അനോണിമസ് അവകാശവാദത്തെ തള്ളിക്കളഞ്ഞ റോസ്‌കോസ്മോസ് മേധാവി

മോസ്‌കോ: റഷ്യന്‍ ചാര സാറ്റലൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍മാരുടെ സംഘമായ അനോണിമസ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ചാര സാറ്റലൈറ്റുകളില്‍ നിയന്ത്രണം നഷ്ടമായെന്നും അനോണിമസ് അവകാശപ്പെട്ടു. അതേസമയം, അനോണിമസ് അവകാശവാദത്തെ തള്ളിക്കളഞ്ഞ റോസ്‌കോസ്മോസ് മേധാവി തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണം യുദ്ധത്തെ ന്യായീകരിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് അവരുടെ ചാര സാറ്റലൈറ്റുകളിലുള്ള നിയന്ത്രണം നഷ്ടമായെന്നായിരുന്നു കുപ്രസിദ്ധ ഹാക്കര്‍മാരുടെ സംഘമായ അനോണിമസ് അവകാശപ്പെട്ടത്. അനോണിമസിന്റെ ഭാഗമായ നെറ്റ്വര്‍ക്ക് ബറ്റാലിയന്‍ 65 അഥവാ എന്‍ബി65 ആണ് ഈ ആക്രമണത്തിന് പിന്നിലെന്നും അവര്‍ അറിയിച്ചിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസിന്റെ സെര്‍വര്‍ വിവരങ്ങള്‍ അടക്കമായിരുന്നു അനോണിസിന്റെ ട്വീറ്റ്. ചാര സാറ്റലൈറ്റുകളിലെ ഫയലുകള്‍ നീക്കം ചെയ്തുവെന്നും അനോണിമസ് അവകാശപ്പെട്ടിരുന്നു.

തട്ടിപ്പുകാരുടേയും വഞ്ചകരുടേയും സംഘമെന്നായിരുന്നു ഇതിന് മറുപടി നല്‍കിക്കൊണ്ട് റോസ്‌കോസ്മോസ് മേധാവി അനോണിമസിനെ വിശേഷിപ്പിച്ചത്. തങ്ങളുടെ സാറ്റലൈറ്റുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനോണിമസ് അവകാശവാദം കളവാണെന്നും റോസ്‌കോസ് മേധാവി ദിമിത്രി റോഗോസിന്‍ ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ തങ്ങളുടെ സാറ്റലൈറ്റുകള്‍ക്ക് നേരെ ആരെങ്കിലും ഹാക്കിങ്ങിന് മുതിര്‍ന്നാല്‍ അത് യുദ്ധത്തെ ന്യായീകരിക്കുന്നതായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ഭാഗവും റഷ്യയുടെ ബഹിരാകാശ വ്യവസായവും സൈബര്‍ ക്രിമിനലുകള്‍ക്ക് അപ്രാപ്യമാണെന്ന് റോഗോസിന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. റഷ്യന്‍ ചാര സാറ്റലൈറ്റിലെ വിവരങ്ങള്‍ നീക്കം ചെയ്തുവെന്നും സെര്‍വറുമായുള്ള ബന്ധം വിച്ഛേദിച്ചുവെന്നും അവകാശപ്പെട്ട അനോണിമസ് റഷ്യ യുക്രെയ്നില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതും സാധാരണക്കാരെ കൊല്ലുന്നതും അവസാനിപ്പിക്കുന്നതുവരെ സൈബര്‍ ആക്രമണം തുടരുമെന്നും പറഞ്ഞു.

Signature-ad

ദിവസങ്ങള്‍ക്ക് മുന്‍പാണ് 300ഓളം റഷ്യന്‍ വെബ്സൈറ്റുകള്‍ വിജയകരമായി ഹാക്കു ചെയ്തുവെന്ന് അനോണിമസ് അറിയിച്ചിരുന്നു. യുക്രെയ്ന് നേരെ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് റഷ്യക്കെതിരെ അനോണിമസ് സൈബര്‍ യുദ്ധം പ്രഖ്യാപിച്ചത്. സൈബര്‍ യുദ്ധപ്രഖ്യാപനം നടത്തി 30 മിനിറ്റിന് ശേഷം റഷ്യന്‍ ടിവി ചാനലായ ആര്‍ടിയുടെ വെബ്സൈറ്റ് ഡൗണാക്കിയെന്നും അനോണിമസ് അറിയിച്ചിരുന്നു. നേരത്തെ ഇസ്ലാമിക ഭീകരവാദ സംഘടനകളുടേയും കു ക്ലസ് ക്ലാന്‍ വംശീയ വാദികളുടേയും വെബ് സൈറ്റുകള്‍ക്കു നേരെ അനോണിമസ് സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

 

Back to top button
error: