1. ഇഷാ യോഗ (ആദിയോഗി) അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ.കോയമ്പത്തൂരിനടുത്ത് വെള്ളിയങ്കിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത് സദ്ഗുരുവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ’ഇഷാ യോഗാ സെന്റർ’ എന്ന പേരിലുള്ള ആശ്രമം 1993 ലാണ് സ്ഥാപിതമായത്.
കോയമ്പത്തൂരിന്റെ തിരക്കുകളിൽ നിന്നും മാറി ഏകദേശം മുപ്പതോളം കിലോമീറ്റർ ദൂരത്തായാണ് ഇഷാ യോഗാ സെന്റർ. കോയമ്പത്തൂരിൽ നിന്ന് ഉക്കടം, പേരൂർ, ശിരുവാണി റോഡിലൂടെ വന്ന് ഇരുട്ടുകുളം എന്ന സ്ഥലത്തുനിന്നും വലത്തോട്ട് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇഷ യോഗാസെന്ററിൽ എത്താം.ധ്യാനലിംഗ യോഗി ക്ഷേത്രത്തിലേക്കുള്ള വഴി കൃത്യമായി കാണിച്ചു തരുന്ന സൈൻ ബോർഡുകൾ ഇവിടേക്കുള്ള വഴിനീളെ കാണാം. ഇഷായോഗയിലേക്കുള്ള റോഡിനിരുവശവും കാഴ്ചകളുടെ പൂരമാണ്. പരമശിവൻ തപസ്സു ചെയ്തു എന്ന ഐതിഹ്യം നിലനിൽക്കുന്ന വെള്ളിയങ്കിരി കുന്നുകളുടെ മടിത്തട്ടിലാണ് ഈ ആശ്രമം.യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൌണ്ടേഷന്റെ ലക്ഷ്യം. ഇഷാ യോഗ സെന്ററിന്റെ വിശാലമായ ആശ്രമത്തിൽ കൂടി ഒന്ന് ചുറ്റിയടിച്ചു വരുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി നമുക്ക് അനുഭവപ്പെടും.
2. കോവൈ കുട്രാലം(കുറ്റാലം) വെള്ളച്ചാട്ടം
കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോ മീറ്റര്‍ പടിഞ്ഞാറു മാറി ശിരുവാണി മലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടം ആണിത്.ശിരുവാണി വെള്ളച്ചാട്ടം എന്നും ഇത് അറിയപ്പെടുന്നു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും പേരൂര്‍ റോഡിലുടെ പോയാല്‍ ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം.വെള്ളച്ചാട്ടത്തിന്റെ ശക്തി അപായകരമായി കൂടുമ്പോൾ ഇവിടേക്കുള്ള സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്താറുണ്ട്.വൈകിട്ടും അതിരാവിലെയും കുറ്റാലത്തിലേക്കുള്ള വഴിയിൽ ആനയിറങ്ങും.അതുകൊണ്ട് രാവിലെ പത്തിനു മുൻപും വൈകിട്ട് മൂന്നിനു ശേഷവും ഇവിടേക്ക് പോകുവാൻ അനുവാദമില്ല.
3. GeDee കാർ മ്യൂസിയം : കോയമ്പത്തൂർ സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു മ്യൂസിയം ആണ് ഇത്. കോയമ്പത്തൂരിൽ അവിനാശി മെയിൻ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. (ഗൂഗിൾ മാപ്പ് : https://goo.gl/7goJHs) ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമൻ ജപ്പാനീസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വിന്റേജ് കാറുകൾ ഇവിടെ കാണുവാൻ സാധിക്കും. അതാതു കാറിന്റെ പുറകിൽ വലിയ കുറിപ്പോടെത്തന്നെ മോഡൽ, ഇറങ്ങിയ വർഷം, ഉൽപ്പാദിപ്പിച്ച യൂണിറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും എഴുതിയിട്ടുണ്ട്.ചുരുക്കിപ്പറഞ്ഞാൽ റോൾഡ്സ് റോയ്സ് മുതൽ നാനോ വരെയുള്ള കാറുകളുടെ വിവരങ്ങൾ ഇവിടെയുണ്ട്. പ്രധാനമായും എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ് ഇവിടേക്കുള്ളസന്ദർശനം.മുതിർന്നവർക്ക് 50 രൂപയും 20കുട്ടികൾക്ക് രൂപയുമാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്.തിങ്കളാഴ്ച ദിവസം മ്യൂസിയത്തിന് അവധിയായിരിക്കും.
4. മരുതമലൈ ക്ഷേത്രം : കോയമ്പത്തൂർ നഗരത്തിൽനിന്നും 15 കിലോ മീറ്റർ കിഴക്ക് മാറി മരുതമല എന്ന മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണിത്. അൽപ്പം ആത്മീയമായ ഒരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇവിടേക്ക് പോകാം.മുരുകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം.പ്രശസ്ത മുരുക ക്ഷേത്രങ്ങളായ പഴനി ,തിരുത്തണി ,പഴമുധിർ ചൊലൈ ,തിരുചെന്തൂർ ,തിരുപ്പരംകുന്ദ്രം ,സ്വാമിമല എന്നീ ആറുപടൈവീടു ക്ഷേത്രങ്ങൾ കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ലിഖിതങ്ങള്‍ പ്രകാരം ഈ ക്ഷേത്രത്തിന് 1200 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്.
5. ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍ കോയമ്പത്തൂരിൽ എത്തിയാൽ കുറച്ചു അടിപൊളി ഷോപ്പിംഗിനും മറ്റുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഒട്ടും മടിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍.2009ലാണ് ബ്രൂക്ക്‌ബോണ്ട് റോഡിലുള്ള ഈ മാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഷോപ്പിംഗിനൊപ്പം ഫുഡ് കോർട്ടുകൾ, മൾട്ടിപ്ലക്‌സ്, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുവാനായുള്ള ഗെയിം സോണുകൾ എന്നിവയും മാളിൽ ഉണ്ട്.
6. സിംഗനല്ലൂർ തടാകം കോയമ്പത്തൂരിനടുത്ത് സിംഗനല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ തടാകമാണ് സിംഗനല്ലൂർ തടാകം.വളരെയധികം ആളുകൾ എത്തുന്ന ഒരു പിക്നിക് സ്പോട്ട് ആണിത്.
ധാരാളം പക്ഷികൾ സന്ദർശകരാകുന്ന ഈ തടാകത്തിലേക്ക് പക്ഷി നിരീക്ഷകരും എത്തിച്ചേരാറുണ്ട്.
7. ബ്ലാക്ക് തണ്ടർ വാട്ടർ തീം പാർക്ക് : കോയമ്പത്തൂരു നിന്നും 30 കിലോമീറ്റർ അകലെയായി മേട്ടുപാളയത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അമ്യൂസ്‌മെന്റ് പാർക്കാണ് ബ്ളാക്ക് തണ്ടർ.ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കാണ് ഇത്.75 ഏക്കർ പ്രദേശത്തായി വിസ്തരിച്ചു കിടക്കുന്ന ഈ പാർക്കിൽ മുതിർന്നവർക്കും കുട്ടികൾക്കും ആർത്തുല്ലസിക്കുവാനായി ധാരാളം റൈഡുകൾ ഉണ്ട്.റൈഡുകളും മറ്റ് വിനോദങ്ങളും മാത്രമല്ല പ്രകൃതി സൗന്ദര്യവും ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. നീലഗിരി മലകളുടെ അടിവാരത്തിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.കോയമ്പത്തൂരിൽ നിന്നും ഊട്ടി ബസ്സിൽ കയറിയാൽ ബ്ളാക്ക് തണ്ടറിൽ ഇറങ്ങുവാൻ സാധിക്കും.