സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രാലയം കത്ത് നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച കത്തുണ്ടെന്ന് പറഞ്ഞത് കൃത്യമാണെന്നും മന്ത്രി വ്യക്തമാക്കി. അന്തിമ അനുമതിക്കുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ധനമന്ത്രാലയവും ഇതിന് അനുകൂലമായി കത്ത് നൽകിയിരുന്നു. കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്.
ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ ബിജെപി നേതാക്കളെക്കാൾ വിശ്വാസം കോൺഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു.