LIFENewsthen Special
സോപ്പുകൾക്ക് പല നിറമാണെങ്കിലും എല്ലാറ്റിന്റെയും പത എന്തുകൊണ്ടാണ് വെളുത്തിരിക്കുന്നത് ?
Web DeskFebruary 3, 2022
സോപ്പുകട്ട നിറമുള്ളതാണെങ്കിലും അതിന്റെ പത വെളുത്തിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? സോപ്പു പതയ്ക്ക് മാത്രമല്ല ഈ പ്രത്യേകതയുള്ളത്. കടൽത്തീരത്ത് അടിച്ചു കയറുന്ന തിര ശ്രദ്ധിച്ചിട്ടുണ്ടോ? അതിനും പാലു പോലെ വെളുത്ത നിറമാണുള്ളത്. എന്നാൽ കടൽ വെള്ളത്തിന്റെ നിറമല്ലാതാനും.കടൽ വെള്ളത്തിന് നിറമുണ്ടോ, അത് മറ്റൊരു ചോദ്യം!
ഒരു വസ്തുവിന്റെ നിറം അതിന് പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ധവള പ്രകാശത്തിൽ ഏഴുവർണ്ണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു വസ്തു അതിൽ പതിക്കുന്ന പ്രകാശം പൂർണമായും (എല്ലാ വർണങ്ങളും) ഒരു പോലെ ആഗിരണം ചെയ്യുമ്പോൾ അത് കറുത്തതായി തോന്നും.എല്ലാ വർണങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നെങ്കിൽ അത് വെളുത്ത് കാണപ്പെടും.ഏതാനും നിറങ്ങളെ ആഗിരണം ചെയ്ത് മറ്റു നിറങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം പ്രതിഫലന രശ്മികളുടെ സമ്മേളനം മൂലം ഉണ്ടാകുന്ന നിറമായിരിക്കും. സുതാര്യ വസ്തുക്കളുടെ നിറമാകട്ടെ അത് ആഗിരണം ചെയ്യാതെ കടത്തിവിടുന്ന വർണങ്ങളുടെ സമ്മേളന ഫലമായുണ്ടാകുന്നതാണ്.
എന്നാൽ സുതാര്യ പടലങ്ങളുടെ നിറം അവയുടെ കനത്തെക്കൂടി ആശ്രയിച്ചിരിക്കും. കനം തീരെ കുറവാണെങ്കിൽ ആഗിരണം വളരെ കുറച്ചേ നടക്കൂ. അപ്പോൾ മറുപുറത്ത് വർണ്ണങ്ങളിലുമുള്ള പ്രകാശം എത്തുന്നു. തന്മൂലം വസ്തുവിന് നിറമില്ലാത്തതായി അനുഭവപ്പെടും. അതായത് ഒരേ വസ്തു തന്നെ കൂടുതൽ കനമുള്ളപ്പോൾ കാണിക്കുന്ന നിറം കനം കുറവാണെങ്കിൽ കാണിക്കുന്നില്ല. ഒരു നേർത്ത പടലം ആണെങ്കിൽ നിറമേ ഉണ്ടാകില്ല. സോപ്പിന്റെ നിറം എന്തായാലും കുമിള നിറമില്ലാതെയിരിക്കാൻ കാരണം ഇതാണ്.
സോപ്പ് പത അനേകം സോപ്പു കുമിളകളും അവയ്ക്കിടയിലെ വായു സ്ഥലങ്ങളും ചേർന്നുണ്ടാകുന്നതാണല്ലോ. പ്രകാശം പതയിലേക്കുകടക്കുമ്പോൾ നിരവധിതവണ അത് പ്രതിഫലത്തിന് വിധേയമാകും. ഒരു കുമിളയുടെ പ്രതലത്തിൽ ഭാഗികമായി പ്രതിഫലിച്ച ശേഷം കടന്നുപോകുന്ന ബാക്കി പ്രകാശം അടുത്ത കുമിളയിൽ വീണ്ടും ഭാഗികമായി പ്രതിഫലിക്കുന്നു. ഇപ്രകാരം അനേകായിരം കുമിളകളിൽ നിന്ന് പ്രകാശം മുഴുവനായും ഒടുവിൽ പ്രതിഫലിക്കുന്നു. ഓരോ കുമിളയും സുതാര്യമാണെങ്കിലും അത് വെളുത്ത് കാണപ്പെടാൻ കാരണം ഇതാണ്. കലങ്ങിയ വെള്ളം പോലും കല്ലുകളിൽ തട്ടി പതഞ്ഞൊഴുകുമ്പോൾ വെളുത്തു കാണുന്നത് ഇതേ കാരണം കൊണ്ടാണ്.
കടലിന് നീലനിറം കൈവരുന്നതെങ്ങനെ?
പ്രകാശ രശ്മികള്‍ക്ക് ദ്രാവക തന്മാത്രകളിലുണ്ടാകുന്ന വിസരണത്തിന്റെ ഫലമായാണ് കടലിന് നീലനിറമുണ്ടാകുന്നതെന്ന് കണ്ടുപിടിച്ചത് ഇന്ത്യാക്കാരനായിരുന്ന സി വി രാമനാണ്.
1921 ല്‍ യൂറോപ്പില്‍ നിന്നുള്ള കപ്പല്‍ യാത്രയില്‍ കടലിന്റെ നീല നിറം നിരീക്ഷിച്ച സി വി രാമന് ആരംഭിച്ച പ്രകാശ പഠനത്തിന്റെ തുടര്‍ച്ചയാണ് അദ്ദേഹവും ശിഷ്യന്മാരും ചേര്‍ന്ന് 1928 ല്‍ കണ്ടുപിടിച്ച രാമന് പ്രഭാവം. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവര്‍ണ കിരണങ്ങളെ (Monochromatic Light) സുതാര്യമായ പദാര്‍ഥങ്ങളില്‍കൂടി കടത്തിവിട്ടാല്‍ പ്രകീര്‍ണനം മൂലം ആ നിറത്തില്‍ നിന്നും വ്യത്യസ്തമായ നിറത്തോടുകൂടിയ രശ്മികള്‍ ഉണ്ടാകുന്നു.
പ്രകീര്‍ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശ രശ്മിയെ ഒരു പ്രിസത്തില്കൂടി കടത്തിവിട്ടാല്‍ വര്‍ണരാജിയില്‍ പുതിയ ചില രേഖകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പുതിയ രേഖകളെ രാമന് രേഖകള്‍ (Raman Lines) എന്നും ഈ വര്‍ണരാജിയെ രാമന് വര്‍ണരാജി (Raman Spectrum) എന്നും വിളിക്കുന്നു. ദ്രാവകങ്ങളില്‍ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ടുള്ള ഈ പ്രതിഭാസമാണ് രാമന് പ്രഭാവം (Raman Effect) അഥവാ രാമന് വിസരണം (Raman Scattering).