Breaking NewsKeralaLead NewsLIFEMovieNEWSNewsthen Specialpolitics

മമ്മൂട്ടി സൂഷ്മാഭിനയംകൊണ്ട് അമ്പരപ്പിച്ചു; ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപ്രേരിതം; അവര്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല; കുട്ടികളുടെ സിനിമകള്‍ ഇല്ലാത്തത് വേദനിപ്പിക്കുന്നു; 28 സിനിമകളില്‍ നിലവാരമുള്ളത് 10 ശതമാനത്തിനു മാത്രം; ഡലലോഗിനും അവാര്‍ഡ് ഏര്‍പ്പെടുത്തണം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രകാശ് രാജ്

തൃശൂര്‍: കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അലിയും വിജയരാഘവനും എ.ആര്‍.എം സിനിമയില്‍ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ച വച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്‌കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്ന് ജൂറി ചെയര്‍പേഴ്‌സനും നടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ തനിക്ക് പോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ കണ്‍ട്രോള്‍ പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ ഇത് ചാരിറ്റി പ്രവര്‍ത്തനമല്ല, മികച്ചവര്‍ക്ക് നല്‍കുകയാണ് ജൂറിയുടെ കര്‍ത്തവ്യം. ദേശീയ അവാര്‍ഡ് നല്‍കുന്നതില്‍ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാര്‍ഡിന് മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരും ദേശീയ അവാര്‍ഡ് ജൂറിയുമൊന്നും മമ്മുക്കയെ അര്‍ഹിക്കുന്നില്ലെന്നും മറുപടി നല്‍കി.

കുട്ടികളുടെ സിനിമകള്‍ വേണം

ചലച്ചിത്ര പ്രവര്‍ത്തകര്‍ കുട്ടികളുടെ സിനിമയെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാര്‍ഡില്ല. ഈ സമൂഹം മുതിര്‍ന്നവരുടേത് മാത്രമല്ല, കുട്ടികളുടേത് കൂടിയാണ്. കുട്ടികള്‍ ആരാണെന്നും അവരുടെ ലോകം എന്താണെന്നും അറിയിക്കുന്ന സിനികള്‍ കൂടി ഉണ്ടാകണമെന്നും പ്രകാശ് രാജ് പറഞ്ഞു. കുട്ടികള്‍ക്ക് മനസിലാകുന്ന അവരുടെ ലോകത്തെ കുറിച്ചുള്ള സിനിമകളുണ്ടാകണം. ചില സിനിമകളില്‍ കുട്ടികളുടെ പ്രകടനമുണ്ടെങ്കിലും അവരല്ല കേന്ദ്ര കഥാപാത്രങ്ങള്‍. കുട്ടികളുടെ സിനിമ അതല്ല. കുട്ടികള്‍ ചിന്തിക്കുന്നതും അവരെ ചിന്തിപ്പിക്കുന്നതുമാണ് അത്തരം സിനിമകള്‍. ഒരാളും കുട്ടികളുടെ തലത്തില്‍ ചിന്തിക്കുകയോ സിനിമയെടുക്കുകയോ ചെയ്തില്ലെന്നത് വിഷമകരമാണ്. തിരക്കഥയ്‌ക്കൊപ്പം ഡയലോഗിന് കൂടി അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.

28ല്‍ നിലവാരം 10 ശതമാനത്തിന് മാത്രം

Signature-ad

 

തൃശൂര്‍: സംസ്ഥാന അവാര്‍ഡ് പരിഗണനയ്ക്ക് വന്ന 28 സിനിമകളില്‍ 10 ശതമാനം മാത്രമാണ് നിലവാരമുള്ളതെന്ന് ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്. പുരസ്‌കാരനിര്‍ണയം എളുപ്പമുള്ള ജോലിയല്ല, എന്നാല്‍ ജൂറിയിലെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യം എളുപ്പമാക്കിത്തന്നു. അതിനാല്‍ ഏകകണ്ഠമായ തീരുമാനത്തില്‍ എത്താനായെന്നും പ്രകാശ് രാജ് വ്യക്തമാക്കി. പത്തുദിവസം ഒരു ലൈബ്രറിയിലിരുന്നു 2024ലെ സിനിമകളെ തനിക്ക് വിലയിരുത്താന്‍ കഴിഞ്ഞു. സിനിമകള്‍ നിര്‍മ്മിക്കാന്‍ ചലച്ചിത്ര വികസന കോര്‍പറഷന്‍ തുക നല്‍കുന്നത് സന്തോഷകരം. എന്നാല്‍ ആ നികുതിപ്പണം അര്‍ഹിക്കുന്ന യുവാക്കള്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍താരാട്ടു പാട്ടുകള്‍ മികച്ച ഗ്രന്ഥം

മികച്ച ചലച്ചിത്ര ഗ്രന്ഥമായി സി.എസ്. മീനാക്ഷി രചിച്ച -പെണ്‍താരാട്ടു പാട്ടുകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍, മികച്ച ലേഖനമായി വത്സലന്‍ വാതുശേരിയുടെ -മറയുന്ന നാലുകെട്ടുകള്‍: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും- എന്ന ലേഖനവും തെരഞ്ഞെടുത്തു. നൗഫല്‍ മറിയം ബ്ലാത്തൂരിന്റെ -സമയത്തിന്റെ വിസ്തീര്‍ണം- എന്ന ലേഖനം പ്രത്യേക ജൂറി പരാമര്‍ശവും നേടി.

പുരസ്‌കാരത്തുക രണ്ടുലക്ഷം വരെ

മികച്ച നടീ-നടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിക്കും ഷംല ഹംസയ്ക്കും ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് സമ്മാനം. മികച്ച സംവിധായകന് രണ്ടുലക്ഷം രൂപയും മികച്ചസിനിമയുടെ സംവിധായകന് രണ്ടുലക്ഷവുമാണ് സമ്മാനം. ഈ രണ്ടു പുരസ്‌കാരവും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം സ്വന്തമാക്കി. ജനപ്രീതിയുള്ള ചിത്രത്തിന്റെ സംവിധായകന്‍ എ.ഡി. ഗിരീഷിന് ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനായ ഫാസില്‍ മുഹമ്മദിന് ഒന്നരലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും നല്‍കും. കഥാകൃത്ത്, ഛായാഗ്രാഹകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, പശ്ചാത്തലസംഗീത സംവിധായകന്‍, പിന്നണി ഗായകന്‍, ഗായിക, ചിത്ര സംയോജകന്‍, ഡബ്ബിംഗ്, മേക്കപ്പ്, വസ്ത്രാലങ്കാരം, സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരം എന്നിവയ്ക്ക് 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും നല്‍കും. ജൂറി പരാമര്‍ശങ്ങള്‍ക്കു സമ്മാനത്തുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: