Breaking NewsKeralaLead NewsNEWSNewsthen Specialpolitics

എന്താണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ‘കോൺഗ്രസ് പ്ലാൻ?’ തിരുവനന്തപുരം കോർപ്പറേഷനിലെ സർജിക്കൽ സ്ട്രൈക്കിനു പിന്നിൽ ബിജെപിയോ?

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കളം പിടിക്കാൻ തന്ത്രങ്ങൾ ഇറക്കുകയാണ് കോൺ​ഗ്രസ്. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചുകഴിഞ്ഞു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് എങ്ങനെയാണ് സമീപിക്കുക എന്ന് അടയാളപ്പെടുത്തുന്നതാണ് 48 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഈ ആദ്യഘട്ട പട്ടിക. മുൻ അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥൻ ഉൾപ്പടെയുള്ള കരുത്തരെ അണിനിരത്തി കൊണ്ട് തിരുവനന്തപുരം നഗരസഭ പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക് എന്ന് പോലും വിശേഷിപ്പിക്കുന്നുണ്ട്. ശബരിനാഥനെ പോലെയുള്ള കരുത്തരെ സ്ഥാനാർത്ഥിയാകുന്നതിലൂടെ കോൺഗ്രസ് പറയാൻ ശ്രമിക്കുന്നത് എന്താണ്? തലസ്ഥാന നഗരിയിൽ അത്ഭുതം സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിയുമോ? പരിശോധിക്കാം, എന്താണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ‘കോൺഗ്രസ് പ്ലാൻ?’

> കരുത്തുറ്റ പട്ടിക, കൃത്യമായ സന്ദേശം

Signature-ad

2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന നിലയിലാണ് രാഷ്ട്രീയ പാർട്ടികൾ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ 48 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക കൃത്യമായ സന്ദേശമാണ് നൽകുന്നത്. കവടിയാർ വാർഡിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥന്റെ സ്ഥാനാർത്ഥിത്വത്തിന് പുറമെ ഡി.സി.സി, യൂത്ത് കോൺഗ്രസ്, കെ.എസ.യു ഭാരവാഹികൾ ഉൾപ്പടെയുള്ള കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് തലസ്ഥാനം കീഴടക്കാനായി കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്. മറ്റ് കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനും വളരെ മുൻപ്, പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഏതൊന്നും ഇല്ലാതെ ഐക്യകണ്ഠേന ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായത് തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് മുൻ‌തൂക്കം നൽകുമെന്നത് തീർച്ച.

100 അംഗ തിരുവനന്തപുരം നഗരസഭയിൽ നിലവിൽ കോൺഗ്രസിനുള്ളത് പത്ത് അംഗങ്ങൾ മാത്രമാണ് എന്നിരിക്കെ, ശബരിയെ പോലെ യുവാവായ, സംസ്ഥാന രാഷ്ട്രീയത്തിന് തന്നെ സുപരിചിതനായ ഒരാളെ മുൻനിർത്തി തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിക്കുമ്പോൾ അത് കോൺഗ്രസിന് പകരുന്നത് വലിയ കരുത്താണ്. 51 സീറ്റ് ജയിക്കുകയാണ് ലക്ഷ്യം എന്ന് തിരഞ്ഞെടുപ്പിൽ ജില്ലയുടെ ചുമതയുള്ള നേതാവായ കെ മുരളീധരൻ അടിവരയിട്ട് പറയുമ്പോൾ നഗരസഭാ ഭരണത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല എന്ന് തന്നെയാണ് വായിച്ചെടുക്കേണ്ടത്.

> സർജിക്കൽ സ്ട്രൈക്ക്

എന്തുകൊണ്ടാണ് കേവലം ഒരു കോർപറേഷൻ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക ഈ വിധം ചർച്ചയാവുന്നത് എന്നതിനുള്ള ഉത്തരം ഇന്നലെ കെ മുരളീധരന്റെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു. ശബരിനാഥൻ തിരുവനന്തപുരം നഗരസഭ പോരാട്ടം നയിക്കട്ടെ എന്ന് തീരുമാനമെടുത്തത് ഹൈക്കമാൻഡാണ് എന്നാണ് കെ മുരളീധൻ പറഞ്ഞത്. എന്തിനാണ് കേവലം ഒരു നഗരസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നത്? ബിജെപി തന്നെയാണ് അതിനുള്ള കാരണം. നിലവിൽ 35 സീറ്റുകളുമായി നഗരസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയെ തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ അപ്രസക്തമാക്കുക എന്ന കോൺഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും എന്തിന് വാർഡ് തിരഞ്ഞെടുപ്പിലും ഉൾപ്പടെ രാജ്യത്ത് എല്ലായിടത്തും ബിജെപിയെ പരാജയപ്പെടണം എന്നും, വർഗീയതയെ തോൽപിക്കപ്പെടണം എന്നുമുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ് ഇവിടെ പ്രകടമാകുന്നത്.

ശബരീനാഥനെ പോലെ തിരുവനന്തപുരത്തുകാർക്ക് മുഖവുര ആവശ്യമില്ലാത്ത നേതാവിനെ മുൻ നിർത്തുന്നതിലൂടെ, ബിജെപി തിരുവനന്തപുരം നഗരസഭ മനസിൽ കണ്ട് മെനയുന്ന സകല പദ്ധതികളെയും നശിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക് എന്ന നിലയിൽ ഈ സ്ഥാനാർഥി പ്രഖ്യാപനത്തെ രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

> കോൺഗ്രസ് പൊളിച്ചത് ബിജെപി – സിപിഎം രാഷ്ട്രീയ കൂട്ടുകെട്ടിനെ കൂടിയാണോ?

അജിത് കുമാറിനെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ, തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിലെ സിപിഎം മൗനം, പി.എം ശ്രീ ഇങ്ങനെ പലപ്പോഴായി സംസ്ഥാനത്ത് ബിജെപി – സി.പി.എം അവിശുദ്ധ കൂട്ടുകെട്ടുണ്ട് എന്ന് രാഷ്ട്രീയ കേരളം മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ കൂട്ടുകെട്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് എന്ന് ആരോപിക്കുന്ന പ്രതിപക്ഷം, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവർ തമ്മിൽ രാഷ്ട്രീയ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട് എന്നും കൂട്ടിച്ചേർക്കുന്നു. അതായത് തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം നേടുന്നതിനായി ബിജെപിയെ സി.പി.എം സഹായിക്കുന്നു, അതിനുള്ള പ്രത്യുപകാരമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എമ്മിനെ ബിജെപി സഹായിക്കയും ചെയ്യും എന്നതാണ് ഇവരുടെ ധാരണ എന്ന വിമർശങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയകളിൽ ഉൾപ്പടെ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു നീചമായ രാഷ്ട്രീയ ധാരണ ബിജെപിയും സിപിഎമ്മും ചേർന്ന് ഉണ്ടാക്കിയിട്ടുണ്ട് എങ്കിൽ ആ പ്ലാനെ വേരോടെ പിഴുത് അറബിക്കടലിൽ എറിഞ്ഞിരിക്കുകയാണ് ഇവിടെ കോൺഗ്രസ്.

കെ മുരളീധൻ മേൽനോട്ടം വഹിക്കുന്നു, പാർട്ടി ഒറ്റക്കെട്ടായി കോർപ്പറേഷൻ പിടിച്ചെടുക്കാൻ പ്രവർത്തിക്കുന്നു എന്നതിനൊപ്പം കരുത്തുറ്റ സ്ഥാനാർത്ഥികളെയും അവരെ നയിക്കാൻ ശബരീനാഥൻ എന്ന മുൻപ് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയാകുമ്പോൾ ഇനി സിപിഎം എത്ര വോട്ട് മറിച്ചാലും ബിജെപിക്ക് തിരുവനന്തപുരം നഗരസഭയുടെ അധികാര കസേര സ്വപ്നം കാണാൻ കൂടി കഴിയുകയില്ല. മുഖ്യ ശത്രു എൽഡിഎഫാണോ ബിജെപി ആണോ? എന്ന മനോരമ ഓൺലൈനിന്റെ ചോദ്യത്തിന് ഞങ്ങൾ ജയിക്കുക എന്നതാണ് ഞങ്ങൾക്ക് പ്രധാനം. രണ്ടാം സ്ഥാനവും മൂന്നാം സ്‌ഥാനവും അവർ തീരുമാനിക്കട്ടെ. ഞങ്ങൾ ഒന്നാം സ്‌ഥാനത്തിനു വേണ്ടിയാണ് മത്സരിക്കുന്നത് എന്ന കെ മുരളീധന്റെ മറുപടിയിലുണ്ട് കോൺഗ്രസിന്റെ തന്ത്രങ്ങളും രാഷ്ട്രീയ ലക്ഷ്യവും.

> 2026 ന് മുന്നോടിയായുള്ള സെമി ഫൈനൽ

സംഘപരിവാറിനെ തോൽപ്പിക്കാനും പരാജയപ്പെടുത്താനും രാജ്യത്തിന് മുന്നിലുള്ള ഏക ഓപ്‌ഷൻ തങ്ങളാണ് എന്ന് ഈ സ്ഥാനാർഥി പട്ടികയിലൂടെ പറയുകയാണ് കോൺഗ്രസ്. ബിജെപി മാറ്റി നിർത്താൻ കരുത്തുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം കേന്ദ്രത്തിലായാലും കേരളത്തിലായാലും തങ്ങളാണെന്ന് കോൺഗ്രസ് വ്യക്താക്കുമ്പോൾ അത് 2026ൽ മതേതര വോട്ടുകളെ ഒന്നില്ലാതെ കോൺഗ്രസിലേക്ക് എത്തിക്കും എന്ന് നിസംശയം പറയാം. ഒരു ഭാഗത്ത് സി.പി.എം – ബിജെപി ധാരണയെന്ന് ആരോപണങ്ങൾ ഉയരുമ്പോൾ മറുഭാഗത്ത് ബിജെപിയെ എതിർക്കാൻ കരുതുന്ന പോരാട്ടങ്ങൾ കാഴ്ച വയ്ക്കുന്ന കോൺഗ്രസിനെയാണ് ജനങ്ങൾ കാണുന്നത്. അതിനാൽ തന്നെ മതേതര കേരളം ഇവിടെ എങ്ങനെ ചിന്തിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: