ട്രെയിനില്‍ നിന്നും മദ്യപന്റെ ചവിട്ടേറ്റ് പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത് രണ്ടു ട്രാക്കുകള്‍ക്ക് ഇടയില്‍ ; കണ്ടെത്തുമ്പോള്‍ ബോധംകെട്ട് കമിഴ്ന്നുകിടക്കുന്ന നിലയില്‍ ; വാതിലില്‍ നിന്നും മാറാത്തത് പ്രകോപിപ്പിച്ചെന്ന് പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത്. വര്‍ക്കലയ്ക്ക് സമീപത്ത് വെച്ച് രണ്ടു ട്രാക്കുകള്‍ക്കിടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. പ്രതി നന്നായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. അതിക്രമം നടന്നത് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു.
തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ പുറകില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ശ്രമിച്ചത്. വാതില്‍ക്കല്‍ നിന്ന് മാറാത്തത് പ്രകോപനത്തിന് കാരണമായെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിട്ടുണ്ട്. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മകള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരത്തില്‍ ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി പറഞ്ഞു. തലയില്‍ രണ്ടോളം മുറിവുകള്‍ മകള്‍ക്കുണ്ട്. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് മകള്‍ കിടക്കുന്നത്. അവര്‍ ഇതുവരെ ചികിത്സ തുടങ്ങിയിട്ടില്ല. 1 മണിക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞതെന്നും പറഞ്ഞു.
എന്റെ കുഞ്ഞിനെ തിരികെ വേണം. 19 വയസ് കഴിഞ്ഞിട്ടില്ല കുഞ്ഞിന്. മകള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പേടിയായിരുന്നു.മകള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കണ്ടിട്ടില്ല. ഇന്നലെ രാത്രി ഫോണിലൂടെയാണ് വാര്‍ത്ത കാണുന്നത്. മകള്‍ വന്നത് തന്റെ അമ്മയുടെ വീട്ടിലേക്കാണ് പോയതെന്നും പ്രിയദര്‍ശിനി പറഞ്ഞു.






