ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച സംഭവം: കോടതിയിലെ തിരിച്ചടിക്കു പിന്നാലെ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത; ആനക്കൊമ്പില്‍ പണിത കലാവസ്തുക്കള്‍ കൈവശം വയ്ക്കുന്നതും കുറ്റകരം; നിലവിലുള്ളത് ഒരു കേസ് മാത്രം; സര്‍ക്കാര്‍ തീരുമാനം ഉടനെന്ന് നിയമവൃത്തങ്ങള്‍
റെയ്ഡിന് ശേഷം ഐടി വകുപ്പ് തയ്യാറാക്കിയ ആസ്തി വിവരപ്പട്ടികയിലും എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തയാറാക്കിയ മറ്റൊരു ആസ്തി വിവരപ്പട്ടികയിലും കലാപരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കൈവശം വച്ചതിനു കേസെടുത്തിട്ടില്ല.

കൊച്ചി: ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശംവച്ച സംഭവത്തില്‍ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. പുതിയ കേസ്, അല്ലെങ്കില്‍ പഴയ കേസുമായി കലാവസ്തുക്കള്‍ അനധികൃതമായി കൈവശംവച്ച കേസ് കൂട്ടിച്ചേര്‍ക്കാനും സാധ്യതയെന്നു നിയമവിദഗ്ധര്‍. ആനക്കൊമ്പുകള്‍ക്കും കലാവസ്തുക്കള്‍ക്കും നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കേസെടുക്കുമെന്നു നിയമവൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
2011 ജൂലൈ 22നു നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിലാണ് അനധികൃത ആനക്കൊമ്പുകളും കലാവസ്തുക്കളും കണ്ടെത്തിയത്. പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ആനക്കൊമ്പില്‍ കടഞ്ഞെടുത്ത ഗജലക്ഷ്മി, ഗീതോപദേശം, കൃഷ്ണലീല, തിരുപ്പതി ബാലാജി, ധനലക്ഷ്മി, ദേവി, ദശാവതാരം, ഗണപതി എന്നിവയുടെ 60 സെന്റീമീറ്റര്‍വരെ വരുന്ന രൂപങ്ങളാണ് ഉണ്ടായിരുന്നത്.
റെയ്ഡിന് ശേഷം ഐടി വകുപ്പ് തയ്യാറാക്കിയ ആസ്തി വിവരപ്പട്ടികയിലും എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തയാറാക്കിയ മറ്റൊരു ആസ്തി വിവരപ്പട്ടികയിലും കലാപരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കൈവശം വച്ചതിനു കേസെടുത്തിട്ടില്ല. പെരുമ്പാവൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്, നാല് ആനക്കൊമ്പുകള്‍ കൈവശം വച്ചതിനു മാത്രമായിരുന്നു. ആനക്കൊമ്പ് കലാവസ്തുക്കള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് 1972 ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം കുറ്റകരമാണെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ഷെഡ്യൂള്‍ 1 (12 ബി) വന്യമൃഗമായ ആനയുടെ (എലിഫന്റ് മാക്‌സിമസ്) കൊമ്പുകള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്തു’ എന്ന കുറ്റമാണ് നടന്‍ ചെയ്തതെന്നുമാത്രമാണു കുറ്റപത്രത്തിലുള്ളത്.
‘ആനക്കൊമ്പുകള്‍ കൈവശം വച്ചതിനും, സര്‍ക്കാരിനെ അറിയിക്കാതെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വാങ്ങാതെയും കൈമാറ്റം ചെയ്തതിനും, അത് വാങ്ങി കസ്റ്റഡിയിലെടുത്തതിനും, അതുവഴി 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനും’ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
‘ആനക്കൊമ്പും കലാവസ്തുക്കളും വ്യത്യസ്ത സമയങ്ങളിലാണു നടന്റെ കൈവശമെത്തിയതെങ്കില്‍ രണ്ടു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഒറ്റ ഇടപാടിലാണ് ഇവയെല്ലാം കൈവശപ്പെടുത്തിയതെങ്കില്‍ നിലവിലുള്ള കേസുമായി കൂട്ടിച്ചേര്‍ക്കും. എപ്പോഴൊക്കെയാണ് ഇവ കൈവശപ്പെടുത്തിയതെന്നു വ്യക്തമാകുന്നില്ലെങ്കില്‍ ഒരു കേസ് മതിയാകുമെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. കണ്ണാടി മേശകളില്‍ ഘടിപ്പിച്ചിരുന്ന ആനക്കൊമ്പുകളും കലാവസ്തുക്കളും നടന്റെ കസ്റ്റഡിയില്‍തന്നെയാണ് ഇപ്പോഴുമെന്നാണു വിവരം.
ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ മാസം ആനക്കൊമ്പിനും കലാവസ്തുക്കള്‍ക്കും നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ‘അസാധുവാണെന്നും നിയമപരമായി നടപ്പിലാക്കാന്‍ കഴിയില്ലെന്നും’ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ആനക്കൊമ്പുകളുടെയും കലാവസ്തുക്കളുടെയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കും. കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം ഭാവി നടപടികള്‍ വകുപ്പ് തീരുമാനിക്കുമെന്ന് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
The illegal possession of ivory artefacts by actor Mohanlal may be booked as a fresh wildlife crime case against him or appended to the existing one on the illegal possession of elephant tusks, with the Kerala High Court recently striking down the ownership certificates issued to both the tusks and artefacts, say legal experts.






