പ്രേം കുമാര്‍ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ ഇടതുപക്ഷക്കാരന്‍, അനിഷ്ടമില്ല; ചലച്ചിത്ര അക്കാദമി വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍; ഭാരവാഹികളെ മാറ്റിയത് കാലാവധി തീര്‍ന്നതുകൊണ്ട്; പുതിയ ടീം മോശമല്ലെന്ന് പറയുന്നത് മാധ്യമങ്ങളെന്നും മന്ത്രി

തൃശൂര്‍: ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ലെന്നു മന്ത്രി സജി ചെറിയാന്‍. മൂന്നുവര്‍ഷം അദ്ദേഹം വൈസ് ചെയര്‍മാനും രണ്ടുവര്‍ഷം ചെയര്‍മാനുമായി. അതു ചെറിയ കാര്യമല്ല. കാലാവധി തീര്‍ന്നപ്പോഴാണു ഭാരവാഹികളെ മാറ്റിയത്. ആശാ സമരത്തെക്കുറിച്ചു സംസാരിച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. ആശമാര്‍ക്ക് ആയിരം രൂപ കൂട്ടിക്കൊടുത്തിട്ടുണ്ട്. അനിഷ്ടമുണ്ടെങ്കില്‍ അതിന്റെ കാര്യമില്ലല്ലോ?
-ക്രിസ്റ്റല്‍ ക്ലിയര്‍- ഇടതുപക്ഷക്കാരനാണു പ്രേം കുമാര്‍. ഇന്നുവരെ ഇടതുവിരുദ്ധ പരാമര്‍ശവും നടത്തിയിട്ടില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സ്‌നേഹിച്ചാണു കൂടെനിര്‍ത്തിയത്. അദ്ദേഹത്തിനെന്തെങ്കിലും പ്രയാസമുണ്ടെന്നു തോന്നുന്നില്ല. സാംസ്‌കാരിക വകുപ്പിന്റെ കാലാവധി ഇനി ആറുമാസം മാത്രമാണ്. രണ്ടുമാസം പഞ്ചായത്തു തെരഞ്ഞെടുപ്പും രണ്ടുമാസം നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഇതിനിടെയില്‍ പ്രേംകുമാറിനെ കൂടുതല്‍ പരിഗണിക്കുന്നതെങ്ങനെ?
അദ്ദേഹത്തെക്കാള്‍ മികച്ചയാളുകള്‍ ഇല്ലാഞ്ഞിട്ടല്ല പരിഗണന നല്‍കിയത്. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. ഇപ്പോഴും സഞ്ചരിക്കുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ പുതിയ സംഘത്തെ ചുമതലപ്പെടുത്തി. അവര്‍ മോശക്കാരല്ലെന്നു മാധ്യമങ്ങളും പറയുന്നു. പിന്നെന്താണു പ്രശ്‌നമെന്നും സജി ചെറിയാന്‍ ചോദിച്ചു.






