കത്തുന്ന ലോറിയിൽ ചാടിക്കയറി ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി വൻ അപകടം ഒഴിവാക്കി ഷാജിയുടെ ഹീറോയിസം
ഷാജി പാപ്പൻ ഇപ്പോൾ കോടഞ്ചേരിയിൽ ഹീറോയാണ്. ഇന്നലെയായിരുന്നു ഷാജിയെ ഹീറോയാക്കിയ സംഭവങ്ങളുടെ തുടക്കം. നിറയെ വൈക്കോൽ കയറ്റി വന്ന ലോറി നിന്നു കത്തുന്നതു കണ്ടപ്പോൾ നാട്ടുകാർ ഞെട്ടി.
അടുത്ത നിമിഷം അതിനേക്കാൾ ഞെട്ടൽ, വ്യാപാര സ്ഥാപനങ്ങളുടെ അടുത്തു വൈക്കോലുമായി കത്തുന്ന ലോറി ഉപേക്ഷിച്ചു ഡ്രൈവറും ക്ലീനറും ചാടി രക്ഷപ്പെട്ടു. ഇനി എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാരും ആശങ്കയോടെ വ്യാപാരികളും. വൈക്കോൽ ആളിക്കത്തുന്ന ലോറിയിലേക്കു സിനിമയിലെ നായകനെപ്പോലെ ഒരാൾ ചാടിക്കയറി.
ഷാജി പാപ്പൻ എന്ന ഷാജി വർഗീസ്. അടുത്ത നിമിഷം ലോറി മുന്നോട്ടെടുത്ത ഷാജി പാപ്പൻ നേരേ സമീപത്തെ ഗ്രൗണ്ടിലേക്ക് തീലോറി ഓടിച്ചുകയറ്റി. അതിനു ശേഷമായിരുന്നു ഷാജി പാപ്പന്റെ ശരിക്കുള്ള ഹീറോയിസം. അവിടെ ലോറി ഇട്ടിട്ടു ജീവനും കൊണ്ടു രക്ഷപ്പെടുമെന്നു നാട്ടുകാർ ചിന്തിച്ചിരിക്കെ ഷാജി പാപ്പൻ ലോറി മുന്നോട്ടെടുത്തു.
ഗ്രൗണ്ടിലൂടെ വട്ടം കറക്കി. ഇടയ്ക്കു സഡൺ ബ്രേക്ക് കൊടുത്തു. ഇതിനകം തീ കത്തി കെട്ടു പൊട്ടിയിരുന്ന വൈക്കോൽ കെട്ടുകൾ ഒന്നൊന്നായി ഗ്രൗണ്ടിലേക്കു തെറിച്ചു വീണു. വൈക്കോൽ കെട്ടുകളെല്ലാം താഴെ വീണു ലോറി സുരക്ഷിതമാണെന്നു കണ്ട ശേഷമാണ് ഷാജി പാപ്പൻ ലോറിയിൽനിന്നിറങ്ങിയത്.
വൈക്കോൽ കയറ്റി വന്ന ലോറിക്കു കോടഞ്ചേരി അങ്ങാടിക്കു സമീപമാണ് തീപിടിച്ചത്. കർണാടകയിൽനിന്നും വന്ന കെഎൽ-51-കെ-3098 നമ്പർ ലോറിക്കാണ് ഇന്നലെ ഉച്ചയ്ക്കു തീ പിടിച്ചത്. കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂളിനു സമീപം താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു തീപിടിച്ചത്.
കോടഞ്ചേരി സ്വദേശിയായ ഷാജി വർഗീസ് എന്ന ഷാജി പാപ്പൻ ജീവൻ പണയപ്പെടുത്തിയാണ് വണ്ടി സമീപത്തെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി ദുരന്തം ഒഴിവാക്കിയത്.
തീപിടിച്ച് ഗ്രൗണ്ടിൽ വീണ വൈക്കോൽ കെട്ടുകൾ നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ചു.
ചെറുപ്പുളശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽപെട്ടത്. മുക്കത്തുനിന്നു ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്നു തന്നെ അണച്ചു. കോടഞ്ചേരി ടൗണിലെ വ്യാപാരിയും ഡ്രൈവറുമാണ് നാട്ടുകാർ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്. മുപ്പത് വർഷമായി ഷാജി വർഗീസ് ഡ്രൈവർ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.