തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി.
കേസില്‍ നടന്‍ ദിലീപിന് എതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത്.
വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടര്‍ ആരോപിച്ചത്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.