ജെനീവ: ഒമിക്രോണ്‍ കോവിഡ് വാക്സിന്റെ ഫലം കുറക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്താള് കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് പടരും. എന്നാല്‍ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണെന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവില്‍ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡ് ഡെല്‍റ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച ബ്രിട്ടനിലും ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. നിലവില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദത്തിന് രോഗലക്ഷണങ്ങള്‍ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാരും പറയുന്നത്. ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.