2021-24 ലെ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബര്‍ 19 ന് നടക്കാനിരിക്കെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇത് രണ്ടാംവട്ടമാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
21 വര്‍ഷം തുടര്‍ച്ചയായിട്ടാണ് ഇടവേളബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും അമ്മയെ നയിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ ജയസൂര്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിദ്ധിഖ് ജോസിന്റ് സെക്രട്ടറിയുമായിരുന്നു.
ഷമ്മി തിലകന്‍ മൂന്ന് സ്ഥാനങ്ങളിലേയ്ക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒന്നില്‍പോലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ വരണാധികാരികള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളുകയായിരുന്നു. ഉണ്ണി ശിവപാലിന്റെയും പത്രിക പൂര്‍ണ്ണമല്ലാത്തതിനാല്‍ തള്ളിയിരുന്നു. ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുംവേണ്ടിയാണ്. വൈസ് പ്രസിഡന്റുമാരായി രണ്ട് വനിതകളെയാണ് ഔദ്യോഗിക പാനലില്‍ നിര്‍ത്തിയിട്ടുള്ളതെന്നറിയുന്നു. ആശാ ശരത്തിന്റെയും ശ്വേതാമേനോന്റെയും പേരുകളാണ് കേള്‍ക്കുന്നത്.
കമ്മിറ്റി അംഗങ്ങളായി അഞ്ച് വനിതകളെയാണ് ഔദ്യോഗിക പാനലില്‍ നിര്‍ത്തിയതെന്നും അറിയുന്നു. ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരാണവര്‍. ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
വനിതകള്‍ക്കും പുതുതലമുറയ്ക്കും പ്രാമുഖ്യം നല്‍കിയാണ് ഔദ്യോഗികപക്ഷം പാനല്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ലാല്‍, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസര്‍ ലത്തീഫ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാകാന്‍ മത്സരിക്കുന്നുണ്ടെങ്കിലും അവരില്‍ ചിലര്‍ പത്രിക പിന്‍വലിക്കുമെന്നും അറിയുന്നുണ്ട്. 8-ാം തീയതിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. 9-ാംതീയതിയോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
മോഹന്‍ലാലിന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിരുന്നു.