KeralaLead NewsNEWS

കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്: മന്ത്രി വി.ശിവൻകുട്ടി

ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരുവിഭാഗം ഉയർത്തിയിരുന്നു. 2021 സെപ്റ്റംബർ 6 മുതൽ 18 വരെയാണ് ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് മാനദണ്ഡപ്രകാരം ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനായി.

അധ്യയനം നേരിട്ട് ലഭിക്കാത്ത കുട്ടികളാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്നത്. ഫോക്കസ് ഏരിയ നിശ്ചയിച്ചു നൽകുകയും 200% ചോദ്യങ്ങൾ ഉൾപ്പെട്ട ചോദ്യപ്പേപ്പർ നൽകാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ചില വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ പോകുകയും പരീക്ഷയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടാകുകയും ചെയ്തു. സ്റ്റേ മാറിയതിനു ശേഷം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ പരീക്ഷ നിശ്ചയിച്ചു . മഴ കനത്ത പശ്ചാത്തലത്തിൽ പതിനെട്ടാം തീയതിയിൽ നടത്താനിരുന്ന പരീക്ഷകൾ ഒക്ടോബർ 26 ലേക്ക് മാറ്റി.

Signature-ad

രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടന്നത്. ഒക്ടോബർ 20 മുതൽ 27 വരെയും നവംബർ 8 മുതൽ 12 വരെയും. ഈ മാസം 23ന് പരീക്ഷാബോർഡ് ചേർന്ന് ഫലം അന്തിമമാക്കുകയും 27ന് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.
കോവിഡ്, മഴക്കെടുതി, നിയമ പോരാട്ടങ്ങൾ തുടങ്ങി പ്രതിസന്ധികൾ മറികടന്നാണ് പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനുമായത്. ഇത് മികച്ച നേട്ടം ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാർഥികൾ,രക്ഷിതാക്കൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങൾക്കൊപ്പം പൊതു സമൂഹം ഒന്നാകെ അണിനിരന്നാണ് പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി പറഞ്ഞു.

Back to top button
error: