ദില്ലി : സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ചലച്ചിത്രതാരം കങ്കണ റണൗത്തിനെതിരേ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറി അമ്രീഷ് രഞ്ജൻ പാണ്ടെയും ലീഗൽസെൽ കോ-ഓർഡിനേറ്റർ അംബുജ് ദീക്ഷിതും ചേർന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
അതിനിടെ കർഷക സമരവുമായി ബന്ധപ്പെട്ട് സിക്കുകാർക്കെതിരേ നടി നടത്തിയ പരാമർശത്തെ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റും ശിരോമണി അകാലിദൾ നേതാവുമായ മൻജിന്ദർ സിംഗ് സിർസ അപലപിച്ചു. നടിയെ ജയിലിലോ മാനസീക രോഗാശുപത്രിയിലോ പ്രവേശിപ്പിക്കണമെന്നു സിർസ പറഞ്ഞു. നടിക്കെതിരേ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.