NEWS

പ്രഭാതപൂജയ്ക്ക് കുളിപ്പിക്കുന്നതിനിടെ കൃഷ്ണ വിഗ്രഹത്തിന് പരിക്ക്, പൊട്ടിക്കരഞ്ഞ് പൂജാരി; വിഗ്രഹത്തിന്റെ കൈയ്ക്ക് ബാന്റേജിട്ട് ഡോക്ടർ

അര്‍ജുന്‍ നഗറിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ലേഖ് സിങ്. രാവിലെ പ്രാര്‍ത്ഥനയോടെ കൃഷ്ണ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് വീണ് പരിക്കേറ്റു. പൂജാരി വിഗ്രഹവുമായി നേരെ ആശുപത്രിയിലെത്തി ചികിത്സ തേടി

കോരിത്തരിപ്പിക്കുന്ന, കൃഷ്ണഭക്തിയുടെ അനേകം കഥകൾ നാം കേട്ടിട്ടുണ്ട്. പല തലങ്ങളിലുള്ള ഒരാത്മബന്ധമാണ് പലർക്കും കൃഷ്ണനുമായി. പക്ഷേ സമാനതകളില്ലാത്ത കൃഷ്ണഭക്തിയുടെ കഥയാണ് ഇവിടെ പറയുന്നത്.
ആഗ്രക്കടുത്ത് അര്‍ജുന്‍ നഗറിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരി ലേഖ് സിങിൻ്റെ കൃഷ്ണഭക്തി അത്യപൂർവ്വം.

Signature-ad

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ക്ഷേത്രത്തിലെ, പരിക്കേറ്റ ശ്രീകൃഷ്ണ വിഗ്രഹവുമായി ചികിത്സ തേടി പൂജാരിയെത്തിയത് ആഗ്ര ജില്ലാ ആശുപത്രിയിൽ. തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടു.

കഴിഞ്ഞ ദിവസം രാവിലെ കുളിപ്പിക്കുമ്പോഴാണ് വിഗ്രഹത്തിന്റെ കൈയില്‍ പരിക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് വീണാണ് പരിക്കേറ്റതെന്ന് ലേഖ് സിങ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ആകെ നിരാശനായ ലേഖ് സിങ് സങ്കടം സഹിക്കാനാവാതെയാണ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്.

കഴിഞ്ഞ 30 വര്‍ഷമായി അര്‍ജുന്‍ നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ലേഖ് സിങ്. അപേക്ഷ ആദ്യം ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ല. പൂജാരി ആകെതകര്‍ന്നു. ഒടുവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് യാചിച്ചപ്പോഴാണ് ചികിത്സ നല്‍കിയത്.

വിഗ്രഹത്തെ ചികിത്സക്കണം എന്നാവശ്യപ്പെട്ട് പൂജാരി എത്തിയെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ അഗര്‍വാളും സ്ഥിരീകരിച്ചു. പൂജാരിയുടെ വികാരം മനസ്സിലാക്കിയെന്നും രജിസ്റ്ററില്‍ ശ്രീ കൃഷ്ണനെന്ന് രേഖപ്പെടുത്തി ചികിത്സ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൻ്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

Back to top button
error: