KeralaLead NewsNEWS

മഴ സാഹചര്യം; ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ത്ഥാടത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതിശക്ത മഴയുടെ സാഹചര്യത്തിലും കോവിഡിന്റെ പശ്ചാത്തലത്തിലും ശബരിമല തീര്‍ഥാടനം ഏറ്റവും സുരക്ഷിതമാക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട്. ചില റോഡുകളിലെ പാച്ച്‌വര്‍ക്ക് ശക്തമായ മഴയില്‍ ഒലിച്ചു പോയ നിലയിലാണുള്ളത്. ചില റോഡുകളുടെ വശങ്ങള്‍ ഇടിഞ്ഞ സാഹചര്യവുമുണ്ട്. വെള്ളക്കെട്ട് ഉണ്ടായ റോഡുകളില്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. പോലീസ്, പിഡബ്ല്യുഡി, എന്‍എച്ച്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്ന് ഗതാഗതം വഴിതിരിച്ച് വിടുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ അടിയന്തരമായി അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കൃത്യസമയത്ത് വഴി തിരിച്ചു വിടുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കും. ശബരിമല പാതകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുവാനും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Signature-ad

ശബരിമല തീര്‍ഥാടന കാലവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ചെയ്യുന്നതിന് ഉപരിയായി ആരോഗ്യ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്റിജന്‍ കിറ്റിന്റെ ലഭ്യത, ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം എന്നിവയും ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശബരിമല വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടന പാതയില്‍ ചിലയിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്. ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് ശാരീരിക വിഷമതകള്‍ നേരിട്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും ജില്ലയിലെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ വകുപ്പുകളേയും ഏകോപിച്ചുള്ള ജാഗ്രതയോടുള്ള പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ഇതുവരെ 58 ക്യാമ്പുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോന്നി ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അപ്പര്‍ കുട്ടനാട് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ജില്ലാ ഭരണകേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നേരത്തേ തന്നെ നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുള്ള എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മുന്നറിപ്പ് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ കഴിയുന്ന ആളുകള്‍, നദീ തീരങ്ങളില്‍ കഴിയുന്നവരും ക്യാമ്പുകളിലേയ്ക്ക് മാറണം. വെള്ളക്കെട്ടുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മീന്‍ പിടിക്കുവാനും മറ്റും ഇറങ്ങരുതെന്നും മന്ത്രി പറഞ്ഞു. കുളനടയില്‍ എന്‍.ഡി.ആര്‍.എഫിന്റെ ഒരു ടീം ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ടീമുകള്‍ കൂടി ജില്ലയിലേക്ക് ഉടന്‍ എത്തും. വെള്ളക്കെട്ടിലായി വിവിധ പ്രദേശങ്ങളിലെ കെ.എസ്.ഇ.ബിയുടെ 75 ട്രാന്‍ഫോമറുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വെള്ളം ഇറങ്ങുന്നതിനനുസരിച്ച് അവ പ്രവര്‍ത്തിപ്പിക്കും. പമ്പാ നദിയില്‍ കലങ്ങിയ വെള്ളമാണിപ്പോള്‍ ഉള്ളത്. അത് ശുദ്ധീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു. നിലവില്‍ കക്കി ഡാമില്‍ നിന്ന് 150 കുമിക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പമ്പ നിലവില്‍ ബ്ലൂ അലാര്‍ട്ടിലാണ്. ആവശ്യമെങ്കില്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ആവശ്യമായ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: