തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ കോവിഡ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2490 രൂപ ഈടാക്കുന്നതിനെതിരെ പ്രവാസികളുടെ പ്രതിഷേധം. പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഈ വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നില്ലെന്ന് ഇവര്‍ പറയുന്നു.
പുറത്ത് 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന ചെയ്യാം എന്നതും രണ്ട് ഡോസ് വാക്സീനെടുത്തവരാണ് വിദേശത്തേക്ക് പോകുന്നത് എന്നതും കണക്കിലെടുക്കുമ്പോള്‍ വിമാനത്താവളത്തില്‍ വന്‍തുക ചെലവാക്കി ആര്‍ടിപിസിആര്‍ പരിശോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സാധാരണ ആര്‍ടിപിസിആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തില്‍ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2490 രൂപ വാങ്ങേണ്ടി വരുന്നതെന്നാണ് ലാബുകള്‍ വിശദീകരിക്കുന്നത്. ഇവിടെയാണ് സംഘടനകള്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുന്നതും.
വേഗത്തില്‍ ഫലം ലഭിക്കുന്ന തരത്തില്‍ പരിശോധനാ സംവിധാനങ്ങള്‍ പുരോഗമിച്ചിരിക്കെ, ചെലവു കുറഞ്ഞ മാര്‍ഗങ്ങള്‍ തേടേണ്ടതാണെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നത്.