കാരാട്ട് ഫൈസല്‍ കളത്തിലിറങ്ങി ; ഇടത് സ്വതന്ത്രനായി മത്സരിക്കും ; പോരാട്ടം കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡില്‍

കോഴിക്കോട്: കാരാട്ട് ഫൈസല്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. കഴിഞ്ഞ തവണ സ്വര്‍ണക്കടത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട ഇടതു സീറ്റ് ഇത്തവണ കാരാട്ടിന് കിട്ടി.
ഇടതു സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടുപോലും കൊടുക്കാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസല്‍ ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ഇക്കുറി ജനവിധി തേടുന്നത്.
കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.
2020 ല്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഫലം വന്നപ്പോള്‍ ഒരു വോട്ടുപോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയത് സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കി. പിന്നാലെ ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് സിപിഎം പിരിച്ച് വിട്ടിരുന്നു.






