സ്വർണം മോഷ്ടിച്ചെന്ന് കാണിച്ച് അയൽവാസിയായ യുവാവും കുടുംബവും നൽകിയ പരാതിയിൽ വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, പിന്നാലെ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസി പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവതി ജീവനൊടുക്കി. കാസർകോട് നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. തനിക്കു നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പെോലീസിൽ പരാതി നൽകി.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി. താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭർത്താവിൻറെ വീടിൻറെ അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവും ചേർന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടർന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.
പോലീസ് സ്റ്റേഷനിൽ വെച്ച് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവതിയെ ചോദ്യം ചെയ്യലിൻറെ പേരിൽ മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിൻറെ പേരിൽ സാമൂഹിക മാധ്യമത്തിൽ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിൻറെ ആരോപണം. സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തിൽ ആദൂർ പേലീസ് ചോദ്യം ചെയ്തെങ്കിലും ജസീലയ്ക്ക് എതിരെ തെളിവുകളില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ജസീലയുടെ മരണത്തിൽ വിദ്യാനഗർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.






