റഫാല്‍ അഴിമതി ഇന്ത്യക്കാര്‍ മറന്നു, ഫ്രാന്‍സ് മറന്നില്ല; മുന്‍ പ്രസിഡന്റിന്റെ ഭാര്യയെ ചോദ്യം ചെയ്തത് മൂന്നു ദിവസം; ജൂലി ഗായറ്റിന് സിനിമ പിടിക്കാന്‍ നല്‍കിയത് 1.65 ദശലക്ഷം യൂറോ; 114 പോര് വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കരിനിഴലായി അനില്‍ അംബാനി ബന്ധം

പാരീസ്: ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കേ, മുമ്പ് 36 വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം സജീവമാക്കി പാരീസ് ആസ്ഥാനമായുള്ള പ്രോസിക്യൂട്ടര്‍ വിര്‍ജിനി ടില്‍മോണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ മുന്‍ ഫ്രണ്ട് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാണ്ടിന്റെ ഭാര്യ ജൂലി ഗായറ്റിനെ നാഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് (പിഎന്‍എഫ്) നിയമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം ചോദ്യം ചെയ്തു.
മോദിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള കരാറില്‍നിന്ന് ഉപകരാര്‍ ലഭിച്ച ഇന്ത്യന്‍ വ്യവസായിയും ഇഡി അന്വേഷണത്തിലുമുള്ള അനില്‍ അംബാനി ഗായറ്റ് വഴി ഫ്രഞ്ച് പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നാണ് മുഖ്യമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഗായറ്റിന്റെ സിനിമയ്ക്ക് അംബാനിയുടെ സ്ഥാപനം ധനസഹായം നല്‍കിയെന്ന വാര്‍ത്ത 2018ല്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിനോട് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചപ്പോള്‍ ‘കരാറിനായി റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ ഓഫ് സൈറ്റ് പാര്‍ട്ട്ണറായി അനില്‍ അംബാനിയെ നിശ്ചയിക്കണമെന്ന് മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന്’ വെളിപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യന്‍ സര്‍ക്കാരാണ് ഈ ഗ്രൂപ്പിനെ നിര്‍ദേശിച്ചത്. ദസോ അംബാനിയുമായി ചര്‍ച്ച നടത്തി. ഞങ്ങള്‍ക്ക് മറ്റ് വഴികളില്ലായിരുന്നു. ഞങ്ങള്‍ക്ക് നല്കപ്പെട്ട മധ്യസ്ഥനെ ഞങ്ങള്‍ സ്വീകരിച്ചു. ജൂലി ഗായറ്റിന്റെ സിനിമയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല’ എന്നും ഒളാണ്ട് പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഗായറ്റിനെ ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്തത്. ഫ്രഞ്ചുകാര്‍ ‘ഓഡിഷന്’ എന്നാണ് ചോദ്യം ചെയ്യലിനെ മാന്യതയുടെ സ്വരത്തില്‍ വിളിക്കുന്നത്. ഗായറ്റ് ഉള്‍പ്പെട്ട സിനിമയ്ക്ക് അംബാനിയുടെ സ്ഥാപനം എങ്ങനെ പണം നല്‍കിയെന്നായിരുന്നു ചോദ്യം. ഇതടക്കമുള്ള ചോദ്യം ചെയ്യലിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:
ചോദ്യം: ടോട്ട് ലാ ഹൂട്ട് എന്ന സിനിമയുടെ ബജറ്റിലേക്ക് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് ബിഗ് എന്റര്‍ടൈന്‍മെന്റ് 1.65 ദശലക്ഷം യൂറോ നല്‍കിയത് എങ്ങനെ?
ഉത്തരം: ഒരു സഹനിര്‍മ്മാതാവ് ആണ് റിലയന്‍സുമായി ബന്ധിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു. ഫ്രഞ്ച് സിനിമാതാരം കെവ് ആഡംസിനെക്കൊണ്ട് ബോളിവുഡില്‍ ഒരു ഇന്ത്യന്‍ സിനിമ ചെയ്യിക്കാന്‍ റിലയന്‍സിന് താല്പര്യമുണ്ടായിരുന്നു. റിലയന്‍സ് അപ്പോള്‍ അമേരിക്കയില്‍ ഡ്രീം വര്‍ക്സ് വാങ്ങിയിരുന്നു. സിനിമയുടെ അന്താരാഷ്ട്ര സ്വഭാവം കണക്കിലെടുക്കുമ്പോള്‍, റിലയന്‍സിന് ഇത് ഇന്ത്യയില്‍ വില്ക്കാന് അവസരമുണ്ടായിരുന്നു. അതിനാല്‍ സഹനിര്‍മാതാവായ വിസ്വൈറസ് എന്ന കമ്പനിവഴി റിലയന്‍സിന് ധനസഹായം നല്കാന് കഴിയുമെന്ന് എലീസയാണ് എന്നെ അറിയിച്ചത്.
ചോദ്യം: വിസ്വൈറസ് ക്യാപിറ്റല്‍ ഫ്രാന്‍സും ഇന്ത്യന്‍ വ്യവസായി രവി വിശ്വനാഥനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?
ഉത്തരം: എനിക്ക് ആ ബന്ധത്തെക്കുറിച്ച് അറിയില്ല. വിസ്വൈറസ് എന്ന കമ്പനിയുടെ പേരില്‍ രവിയുടെ പേരിന്റെ ഒരു ഭാഗം (വിസ്) ഉണ്ടെന്ന് ഞാന്‍ കരുതി. രവിയില്‍ നിന്നോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ വഴിയാകാം ഞാന്‍ ഇത് അറിഞ്ഞത്. രവി വിശ്വനാഥനെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എലീസയുടെ ഒരു ഇമെയിലില്‍ നിന്നാണ്. റിലയന്‍സുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോഴാണത്. അനില്‍ അംബാനി പാരീസിലേക്ക് വരുന്നുണ്ടെന്നും എലീസയുടെയും എന്റെയും കമ്പനികളുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അതില്‍ ഉണ്ടായിരുന്നു. ആ കൂടിക്കാഴ്ച ബ്രിസ്റ്റോള്‍ ഹോട്ടലില്‍വച്ചാണ് നടന്നത്. കരാര്‍ ഉറപ്പിച്ചതിന് ശേഷമായിരുന്നു അത്. എലീസയുടെയും ഡേവിഡിന്റെയും അഭ്യര്‍ഥനപ്രകാരം ഒരു മര്യാദയുടെ പുറത്താണ് ഞാന്‍ ആ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
ചോദ്യം: അനില്‍ അംബാനി നിങ്ങളുടെ സിനിമയ്ക്ക് പണം നല്കാന് പോകുന്നെന്ന കാര്യം ഒരുമിച്ചു വിരുന്നില്‍ പങ്കെടുത്തിട്ടും അറിയില്ലെന്നാണോ?
ഉത്തരം: അതെ, അദ്ദേഹത്തിന് അറിയില്ല. വിരുന്നിനിടെ ഞങ്ങള്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല.
ചോദ്യം: അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കിയ ഒരു പ്രസിഡന്റ്, എലീസി കൊട്ടാരത്തിലെ ജീവനക്കാര്‍ പരിശോധിക്കാത്ത ഒരാളോടൊപ്പം തന്റെ സ്വകാര്യ അപ്പാര്‍ട്ടുമെന്റില്‍ അത്താഴം കഴിക്കാന്‍ സമ്മതിച്ചത് എങ്ങനെയാണ്?
ഉത്തരം: എനിക്ക് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. സ്വകാര്യ അത്താഴവിരുന്നുകള്‍ പ്രോട്ടോക്കോള്‍ ഒഴിവാക്കി പ്രസിഡന്റിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താറുണ്ട്. അംബാനി തന്റെ മകന്റെ സ്വകാര്യ യാത്രയെക്കുറിച്ച് സൂചിപ്പിച്ചതുകൊണ്ടാണ് ഞാന്‍ അത്താഴവിരുന്ന് നിര്‍ദ്ദേശിച്ചത്.
ചോദ്യം: പശ്ചാത്തല പരിശോധന നടത്താത്തത് വലിയ സുരക്ഷാ വീഴ്ചയാണെന്നിരിക്കെ, എലീസി കൊട്ടാരത്തിലെ ജീവനക്കാര്‍ ഇത് ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയുമോ?
ഉത്തരം: എനിക്ക് അറിയില്ല.
ചോദ്യം: 2023 സെപ്റ്റംബര്‍ 6-ന് നടത്തിയ പരിശോധനയില്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ അനില്‍ അംബാനി, അന്‍ഷുല്‍ അംബാനി, ഷിബാശിഷ് സര്‍ക്കാര്‍, രവി വിശ്വനാഥന് എന്നിവരുടെ നമ്പറുകള്‍ കണ്ടെത്തി. ഇവരുമായി നിങ്ങള്‍ എന്താണ് സംസാരിച്ചിരുന്നത്?
ഉത്തരം: അനില്‍ അംബാനിയുമായി എനിക്ക് വലിയ ബന്ധമില്ല. അദ്ദേഹം കുറച്ച് വര്‍ഷങ്ങളായി പുതുവത്സരാശംസകള്‍ അയക്കാറുണ്ട്. അദ്ദേഹത്തെ ഞാന്‍ മൂന്ന് തവണ മാത്രമേ കണ്ടിട്ടുള്ളൂ: ആദ്യം ബ്രിസ്റ്റോള്‍ ഹോട്ടലില്‍ വെച്ച്, രണ്ടാമത് അത്താഴവിരുന്നില്‍, മൂന്നാമത് ഞാന്‍ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി ഇന്ത്യയില്‍ പോയപ്പോള്‍. പണത്തെക്കുറിച്ചോ ഫണ്ടിംഗിനെക്കുറിച്ചോ ഞാന്‍ ഒരിക്കലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അന്‍ഷുല്‍ അംബാനിയെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. രവി വിശ്വനാഥനാണ് എനിക്ക് ഏറ്റവും അടുത്ത പരിചയമുള്ളയാള്‍. അദ്ദേഹത്തിന്റെ ഭാര്യ ഫ്രഞ്ചുകാരിയായതിനാല് അവരോടൊപ്പം ഞാന്‍ ഈഫല്‍ ടവര്‍ സന്ദര്‍ശനം സംഘടിപ്പിച്ചിരുന്നു.
ചോദ്യം: ടോണി യേശുദാസന് ആരാണ്?
ഉത്തരം: ആ പേര് കേട്ട പരിചയമുണ്ട്, പക്ഷേ എന്താണെന്ന് ഓര്‍മ്മയില്ല. അദ്ദേഹം അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ആരെങ്കിലും ആയിരിക്കാം.
ചോദ്യം: 2016 ഏപ്രില്‍ 26-ന് എടുത്ത ഒരു ഫോട്ടോയില്‍ നിങ്ങള്‍ അനില്‍ അംബാനിയോടൊപ്പമുണ്ട്. ഇത് ആരുടെ അഭ്യര്‍ത്ഥനപ്രകാരമാണ്?
ഉത്തരം: ഇത് ബ്രിസ്റ്റോളില്‍ വെച്ച് എടുത്തതാണ്. അനില്‍ അംബാനിയുടെ ഫോണിലാണ് ഇത് എടുത്തത്.
ചോദ്യം: അനില്‍ അംബാനി ഒരു അടുത്ത സുഹൃത്തല്ലെങ്കില്‍, അദ്ദേഹം നിങ്ങള്‍ക്ക് വാട്ട്സ്ആപ്പില്‍ ഈസ്റ്റര്‍ ആശംസകള്‍ അയച്ചതും നിങ്ങള്‍ ഫ്രാന്‍സ്വ ഒളാണ്ടിന്റെ പിതാവിന്റെ വിയോഗത്തെക്കുറിച്ച് മറുപടി നല്കിയതും എങ്ങനെയാണ്?
ഉത്തരം: അത് ലോക്ക്ഡൗണ്‍ സമയത്തായിരുന്നു. അദ്ദേഹം മര്യാദയുടെ പുറത്ത് അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറുണ്ട്.
ചോദ്യം: റിലയന്‍സുമായുള്ള ബന്ധം ‘മൈ ഫാമിലി’ വഴിയാണെന്ന് പറയാന്‍ നിങ്ങള്‍ എലീസയോട് ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
ഉത്തരം: കാരണം അതാണ് സത്യം. റഫാല്‍ വിമാനങ്ങളുടെ വില്‍പ്പനയുമായി എനിക്ക് ബന്ധമുണ്ടെന്ന് മീഡിയപാര്‍ട്ട് (ഒരു മാധ്യമം) ആരോപിച്ചപ്പോള്‍ എനിക്ക് അത് തിരുത്തണമായിരുന്നു.
ചോദ്യം: 2022-ല്‍ നിങ്ങളുടെ വിവാഹത്തിന് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചതും നിങ്ങളുടെ മകന്റെ വിവാഹത്തിന് സമ്മാനം അയക്കാന്‍ വിലാസം ചോദിച്ചതും എങ്ങനെയാണ്?
ഉത്തരം: എന്റെ മക്കളാരും വിവാഹിതരായിട്ടില്ല. അനില്‍ അംബാനിയില്‍ നിന്ന് ഞാന്‍ ഇതുവരെ ഒരു സമ്മാനവും സ്വീകരിച്ചിട്ടില്ല. അദ്ദേഹം മര്യാദ കാണിക്കാന്‍ ശ്രമിച്ചതാകാം.
ചോദ്യം: ഇന്ത്യ വാങ്ങാന്‍ പോകുന്ന റഫാല്‍ വിമാനങ്ങളെക്കുറിച്ച് നിങ്ങള്‍ അനില്‍ അംബാനിയുമായി സംസാരിച്ചിട്ടുണ്ടോ?
ഉത്തരം: ഒരിക്കലുമില്ല.
ചോദ്യം: നിങ്ങളുടെ ഭര്‍ത്താവ് ഫ്രാന്‍സ്വ ഒളാണ്ട് അനില്‍ അംബാനിയുമായി റഫാല്‍ വിമാനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ഉത്തരം: ഒരിക്കലുമില്ല.
ചോദ്യം: 2015 മാര്‍ച്ചില്‍ അനില്‍ അംബാനിയും പ്രതിരോധ മന്ത്രി ജീന്‍-യീവ് ലെ ഡ്രിയാന്റെ ഉപദേശകരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?
ഉത്തരം: എനിക്കൊന്നും അറിയില്ല.
ചോദ്യം: 2015-ന്റെ തുടക്കത്തില്‍ അംബാനിയും അന്നത്തെ സാമ്പത്തിക മന്ത്രിയായിരുന്ന മാക്രോണും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?
ഉത്തരം: ഒന്നുമറിയില്ല.
ഫ്രഞ്ച് അന്വേഷണത്തിന്റെ പശ്ചാത്തലം
മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎല്‍) ഫ്രാന്‍സിലെ ദസ്സാള്‍ട്ടും തമ്മില്‍ 126 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 2014-ല്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. നരേന്ദ്ര മോദി 2015-ല്‍ ഇത് റദ്ദാക്കുകയും സര്‍ക്കാര്‍-തലത്തിലുള്ള കരാറായി മാറ്റുകയും ചെയ്തു.
ഇന്ത്യയില്‍, മോദിയുടെ കരാറിലെ അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ തള്ളപ്പെട്ടു. എന്നാല്‍ ഫ്രാന്‍സില്‍, അന്വേഷണ ഉദ്യോഗസ്ഥനായ ടില്‍മോണ്ട് അഴിമതി ആരോപണങ്ങളില്‍ അന്വേഷണം തുടരുകയാണ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇത് മറച്ചുവെച്ചു.
2018-ല്‍ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷണ് എന്നിവര്‍ മോദിക്കെതിരെ സിബിഐയില്‍ പരാതി നല്‍കിയിരുന്നു. സിബിഐ ഡയറക്ടര്‍ നടപടിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. സുപ്രീം കോടതി ഈ പരാതികള്‍ തള്ളുകയും ചെയ്തു. വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് രാജ്യസഭാ അംഗത്വം ലഭിച്ചതും ശ്രദ്ധേയമാണ്.
ഫ്രഞ്ച് എന്‍ജിഒ ആയ ‘ഷേര്‍പ്പ’ നല്കിയ പരാതിയിലാണ് 2021-ല്‍ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചത്. ഷേര്‍പ്പ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ ഇവയായിരുന്നു:
- പ്രതിരോധ ഉല്‍പ്പാദനത്തില്‍ പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ഓഫ്സെറ്റ് കരാര്‍ നല്‍കിയത് എന്തുകൊണ്ട്?
- മോദിയുടെ കരാറിലെ വിമാനത്തിന്റെ വില മന്മോഹന് സിംഗിന്റെ കാലത്തേക്കാള്‍ മൂന്നിരട്ടി കൂടുതലായത് എന്തുകൊണ്ട്?
- കരാറില്‍ നിന്ന് അഴിമതി വിരുദ്ധ വ്യവസ്ഥ നീക്കം ചെയ്തത് എന്തുകൊണ്ട്?
ഈ അന്വേഷണത്തില്‍ നിലവിലെ പ്രസിഡന്റ് മാക്രോണ്‍, മുന്‍ പ്രസിഡന്റ് ഒളാണ്ട്, മുന്‍ പ്രതിരോധ മന്ത്രി ലെ ഡ്രിയാന്‍ എന്നിവരും നിഴലിലാണ്. അനില്‍ അംബാനിയെ മോദിയുടെ ‘അടുത്ത കൂട്ടാളി’ എന്നാണ് ഷേര്‍പ്പ വിശേഷിപ്പിച്ചത്. കൂടുതല്‍ പരിചയസമ്പന്നരായ എച്ച്എഎല്ലിനെ ഒഴിവാക്കിയത് എന്തിനെന്നും അവര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ഭാഗത്ത് നിന്ന് അന്വേഷണത്തോട് ഒരു സഹകരണവുമില്ല. ഫ്രഞ്ച് പ്രോസിക്യൂട്ടറുടെ കത്തുകള്‍ക്ക് ഇന്ത്യന്‍ മന്ത്രാലയങ്ങള്‍ മറുപടി നല്‍കിയിട്ടില്ല. ഫ്രഞ്ച് സര്‍ക്കാരും ‘ദേശീയ താല്‍പ്പര്യം’ മുന്‍നിര്‍ത്തി ചില രേഖകള്‍ നല്കുന്നതില് തടസം നില്‍ക്കുന്നുണ്ട്. അഴിമതി വിരുദ്ധ അന്വേഷണം ഫ്രാന്‍സില്‍ പുരോഗമിക്കുന്നതും മുന്‍ പ്രസിഡന്റിന്റെ ഭാര്യയെ ചോദ്യം ചെയ്തതും വരാനിരിക്കുന്ന പുതിയ റഫാല്‍ കരാറിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നുറപ്പാണ്.
#RafaleDeal, #CorruptionProbe, #DasaultAviation, #NarendraModi, #AnilAmbani, #BreakingNews, #RafaleScandal, #FranceIndia, #DefenseNews, #LatestUpdates, #AnilAmbaniNews, #RafaleInvestigation
#Rafale, #JulieGayet, #FrancoisHollande, #IndianAirForce, #RafaleCorruption, #ModiSarkar, #PoliticalNews, #DefenseContract, #InternationalPolitics, #CorruptionWatch, #SocialMediaTrending
#RafaleFighterJets, #IndianDefenseNews, #ParisProsecutor, #IAF, #RelianceEntertainment, #RafaleVerdict, #IndianPolitics, #EmmanuelMacron, #SherpaNGO, #EconomicOffence






