‘അണുബോംബ് നിർമിക്കില്ലെന്ന ഉറപ്പ് ഇറാൻ തരണം, അല്ലെങ്കിൽ ഖമനയിയേയും മകനേയും തീർക്കും… അവർ ചുമ്മാ സമയം പാഴാക്കുകയാണ്, കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും, ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ട്’…

വാഷിങ്ടൻ: അണുബോംബ് നിർമിക്കില്ലെന്ന് ഇറാന്റെ ഉറപ്പു കിട്ടിയാൽ ആണവ സമ്പുഷ്ടീകരണം തുടരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അതുപോലെ യുഎസിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയേയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകനെയും മറ്റ് പുരോഹിത നേതൃത്വത്തെയും വധിക്കാൻ ട്രംപിന് പദ്ധതി തയാറാക്കിയിട്ടുള്ളതായും യുഎസ് പ്രസിദ്ധീകരണമായ ആക്സിയോസ് വെളിപ്പെടുത്തുന്നു.
ഇറാനെ ആക്രമിക്കാൻ മധ്യേഷ്യയിൽ യുഎസ് വൻതോതിൽ സൈനിക സന്നാഹം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ‘‘രാഷ്ട്രീയമായി ഗുണകരമായ ഒരു കരാർ സ്വീകരിക്കാൻ ട്രംപ് തയ്യാറാകും. ആക്രമണം ഒഴിവാക്കണമെങ്കിൽ ഇറാൻ ഞങ്ങൾക്ക് ഒരു വാഗ്ദാനം നൽകണം. അവർ സമയം പാഴാക്കുകയാണ്. കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും’’ – ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ടെന്നും, അതിലൊന്നാണ് ഖമനയിയേയും മകനെയും വധിക്കുക എന്നതെന്നും ഒരു ഉപദേശകൻ വെളിപ്പെടുത്തുന്നു.
അതേസമയം ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തിൽ നയതന്ത്രപരമായ പരിഹാരത്തിനുള്ള പ്രതീക്ഷകൾ മങ്ങുന്നതോടെ ഇറാനും യുഎസും സൈനിക സംഘർഷത്തിലേക്ക് നീങ്ങുകയാണെന്ന് ഗൾഫിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥർ പറയുന്നു. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് യുഎസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രയേലും യുഎസുമായി ചേർന്ന് സംയുക്ത സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം.
യുറേനിയം സമ്പുഷ്ടീകരണം, മിസൈലുകൾ, ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ കഴിഞ്ഞ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു. എന്നാൽ ചില കാര്യങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വരും ദിവസങ്ങളിൽ ഇറാൻ രേഖാമൂലമുള്ള നിർദേശം സമർപ്പിക്കും. ഇറാൻ നൽകുന്ന നിർദ്ദേശങ്ങൾ വളരെ വിശദമായിരിക്കണമെന്നും അത് ആണവപദ്ധതി സമാധാനപരമാണെന്ന് തെളിയിക്കുന്നതായിരിക്കണമെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.






