Breaking NewsKeralaLead NewsNEWS

‘ഞാൻ ഇടുക്കിയിൽ തന്നെയുണ്ടാകും… ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ… ‘ഞാനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല!! റോഷിയുടേത് ചോരത്തിളപ്പ്, സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണം’- ജോസ് കെ മാണി

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് പറഞ്ഞ് റോഷി അഗസ്റ്റിൻ. ഇത് പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് പറഞ്ഞതല്ലെന്നും മറിച്ച് കൃത്യമായ ആലോചനയോടെയുള്ള രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇടുക്കിയിൽ തന്നെ ഉണ്ടാകുമെന്നും റോഷി പറഞ്ഞു

അതേസമയം, റോഷി അഗസ്റ്റിന്റെ ഈ പ്രസ്താവനയെ തള്ളുന്ന നിലപാടാണ് ജോസ് കെ. മാണി സ്വീകരിച്ചത്. താനോ, സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പിച്ചു പറയാനായിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. റോഷിയുടേത് സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണമാണെന്നും യുവജന പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന റോഷിക്ക് ആ ‘ചോരത്തിളപ്പ്’ ഉണ്ടെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും, ഉചിതമായ സമയത്ത് പാർട്ടിയും എൽ.ഡി.എഫും ചേർന്ന് തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

Signature-ad

പാർട്ടിക്കുള്ളിലെ ഈ വ്യത്യസ്ത സ്വരങ്ങൾ കേരള കോൺഗ്രസിൽ ആഭ്യന്തര രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ഉണ്ടായ ഈ പരസ്യ പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: