പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ആന്റോ ആന്റണിക്കു കുരുക്കാകും; തിരിച്ചു നല്‍കിയതിന്റെ വരുമാന സ്രോതസും വെളിപ്പെടുത്തേണ്ടിവരും; ഇന്‍കം ടാക്സ് നിയമം പറയുന്നത് ഇങ്ങനെ; രഹസ്യ ഇടപാടുകളിലൂടെ ബാങ്ക് പൊട്ടിയപ്പോള്‍ ജനത്തിന് നഷ്ടമായത് ലക്ഷങ്ങള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി നിക്ഷേപം നടത്തിയെന്നു പറയുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം കൈപ്പറ്റിയെന്നു സമ്മതിച്ചത് ആന്റോ ആന്റണിക്കു തിരിച്ചടിയാകും. സാധാരണക്കാരുടെ പക്കല്‍നിന്നു നിക്ഷേപം സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ച അതേ സ്ഥാപനത്തില്‍നിന്ന് ആന്റോ ആന്റണി അടക്കമുള്ള രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റി മടക്കി നല്കാതിരുന്നിട്ടുണ്ടോ എന്നതടക്കം എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണ പരിധിയില്‍ വരുമെന്നാണു വിവരം.
ജനങ്ങളുടെ നിക്ഷേപമായി കോടികള്‍ സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിക്കുകയാണു നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനം ചെയ്തത്. കേരളത്തിലും പുറത്തും നിരവധി ശാഖകളുണ്ടായിരുന്നെങ്കിലും അവയെല്ലാം പൂട്ടി ഉടമകള്‍ ആദ്യം ഒളിവിലും പിന്നീടു ജയിലിലുമായി. ആ സ്ഥാപനത്തിന്റെ തട്ടിപ്പ് മൂലം നിരവധി ആളുകളാണ് ആത്മഹത്യ ചെയ്തത്. മക്കളുടെ കല്യാണം മുടങ്ങിയവരും വീട് ജപതി ചെയ്യപ്പെട്ടവരുമായി നിരവധിപ്പേരുണ്ട്. ഇതേ സ്ഥഭാപനത്തില്‍നിന്നാണ് രണ്ടുകോടി രൂപ കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി കൈപ്പറ്റിയെന്ന് ഉടമ പറഞ്ഞത്. കൈപ്പറ്റിയെന്ന് ആന്റോ ആന്റണിയും സമ്മതിച്ചിട്ടുണ്ട്.
അതായത് ഈ സംസ്ഥാനത്തെയും പുറത്തെയും ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പിന്റെ തുകയായി നിക്ഷേപിക്കപ്പെട്ട പണമാണു കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതെന്നാണ് ആരോപണം. കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ ഇതിനെ നിസാരമാക്കി എടുക്കുന്നുണ്ടെങ്കിലും നിയമം നോക്കിയാല്‍ അത്ര നിസാരമല്ല കാര്യങ്ങള്‍. 2019 -ല്‍ രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്ന ഇന്‍കംടാക്സ് ആക്ടിന്റെ സെക്ഷന്‍ 269 എസ്എസ് / 269 എസ് ടി പ്രകാരം 20000 രൂപയില്‍ കൂടുതല്‍ വായ്പ പണം ആയി വാങ്ങാന്‍ പാടില്ല. രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ ക്യാഷ് ഇടപാടും പാടില്ല.
നെടുംപറമ്പില്‍ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് രണ്ടുകോടി രൂപ ഒറ്റതവണയായി വാങ്ങിയത് വായ്പയോ സംഭാവനയോ ആണെങ്കിലും നിയമത്തിന്റെ കണ്ണില്‍ തെറ്റാണ്. രേഖയില്ലാതെ പണം നല്കി എന്നാണ് സ്ഥാപന ഉടമ പറയുന്നത്. രേഖയില്ലാതെ പണം നല്കുന്ന സ്ഥാപനം ആണെങ്കില്‍ രേഖയില്ലാതെ പണം നിക്ഷേപിക്കാനും കഴിയും. രേഖയില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്നത് കൊണ്ടാണു തന്ത്രി രണ്ടുകോടി നിക്ഷേപിച്ചത്. സമാനമായി രണ്ടുകോടി രാഷ്ട്രീയ നേതാവ് സ്വീകരിച്ചത്.
പണം വാങ്ങി എന്ന് ആന്റോ സമ്മതിച്ച സാഹചര്യത്തില്‍ ഈ മൊഴി കുറ്റസമ്മതമായി അന്വേഷണ സംഘം എടുക്കാന്‍ സാധ്യതയുണ്ട്. നെടുംപറമ്പില്‍ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആണ് തന്ത്രിയും പണം നിഷേപിച്ചിരുന്നത് എന്നത് ഈ ഇടപാടിനെ കൂടുതല്‍ ഗൗരവതരമാക്കുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ഇത്രയധികം പണം നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നല്‍കിയില്ല എന്നതും സംശയാസ്പദമാണ്.
ബാങ്ക് പൊളിഞ്ഞതിന്റെ കാരണം ആന്റോ പണം മടക്കി നല്കാത്തതാണോ എന്ന് ഉടമ വ്യക്തമാക്കിയിട്ടില്ല. തട്ടിപ്പിന്റെ പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ കേസിന്റെ ഭാഗമായി നെടുംപറമ്പില്‍ ഉടമയും ബന്ധുക്കളും സ്ഥാപന സ്റ്റാഫ് ഉള്‍പ്പെടെ നിരവധി ആളുകള്‍ മാസങ്ങളോളം ജയില്‍വാസം അനുഭവിച്ചതുമാണ്. തുക മടക്കി കൊടുത്തു എന്നാണ് ആന്റോ ആന്റണി പറയുന്നത്. അങ്ങനെയെങ്കില്‍ അതിനുള്ള വരുമാന മാര്‍ഗം എന്തായിരുന്നു എന്നും വെളിപ്പെടുത്തേണ്ടതുണ്ട്.
ശബരിമലയിലെ സ്വര്ണക്കൊള്ളമുമായി ബന്ധപ്പെട്ട കേസിന്റെ പ്രൊസീഡ്സ് ഓഫ് ക്രൈമിന്റെ ഭാഗമായിട്ടായിരിക്കാം തന്ത്രി രണ്ടുകോടി നെടുമ്പറമ്പില്‍ നിക്ഷേപിച്ചത്. ക്രിമനല്‍ കുറ്റത്തിന്റെ ഭാഗമായി സമ്പാദിച്ച പണം, രേഖകളില്ലാതെ ആന്റോ ആന്റണി കൈപ്പറ്റിയെന്നാണ് ബാങ്ക് ഉടമ പറഞ്ഞത്. കൈപ്പറ്റിയെന്ന് ആന്റോയും സമ്മതിക്കുന്നു. സ്വര്‍ണക്കേസ് പ്രതികളുമായുള്ള ബന്ധവും അടൂര്‍ പ്രകാശ് അടക്കമുള്ളവരുമായുള്ള ചിത്രങ്ങളും പുറത്തുവന്ന സാഹചര്യത്തില്‍ ആദ്യം ഇഡി അന്വേഷണം ഉണ്ടാകുമെന്നാണു വിവരം.






